എന്‍ ശ്രീനിവാസന്‍ രാജി ആവശ്യപ്പെട്ട് കായികമന്ത്രി

Webdunia
ബുധന്‍, 29 മെയ് 2013 (17:10 IST)
PRO
PRO
ഒത്തുകളി വിവാദത്തിന്റെ പാശ്ചാത്തലത്തില്‍ എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ പദവി രാജിവെക്കണമെന്ന് കായികമന്ത്രി ജിതേന്ദ്ര സിംഗ്. അന്വേഷണത്തില്‍ ശ്രീനിവാസന് നിക്ഷിപ്ത താല്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയും ബോര്‍ഡ് വൈസ് പ്രസിഡന്റ് അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞു.

മെയ്യപ്പനെതിരായ അന്വേഷണം അവസാനിക്കുന്നതുവരെ ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. അതേസമയം വാതുവയ്പുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒയുമായ ഗുരുനാഥ് മെയ്യപ്പനെതിരായ ആരോപണം അന്വേഷിക്കാന്‍ ബിസിസിഐ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു.

ജസ്റ്റിസ് ടി ജയറാം ചൗട്ട, ജസ്റ്റിസ് ആര്‍ ബാലസുബ്രഹ്മണ്യം, ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ എന്നിവരാണ് സമിതി അംഗങ്ങള്‍. രണ്ട് സ്വതന്ത്ര അംഗങ്ങളും ഒരു ബിസിസിഐ അംഗവും ഉള്‍പ്പെട്ടതാണ് സമിതി. സമിതിയില്‍ ഒരു സ്വതന്ത്ര അംഗം മതിയെന്നായിരുന്നു ശ്രീനിവാസന്റെ നിര്‍ദേശം.

എന്നാല്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബിസിസിഐ സീനിയര്‍ വൈസ് പ്രസിഡന്റ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വതന്ത്ര അംഗങ്ങളുടെ എണ്ണം രണ്ടാക്കിയത്.

അതേസമയം, ഗുരുനാഥ് മെയ്യപ്പന്റെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കഴിഞ്ഞ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിലുള്ള മെയ്യപ്പനെ വിന്ദു ധാരാസിംഗിനൊപ്പം ചോദ്യം ചെയ്തിരുന്നു. കൂടാതെ നേരത്തെ അറസ്റ്റിലായ ഹവാലാ ഇടപാടുകാരന്‍ അല്‍പേഷ് പട്ടേലിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു. മെയ്യപ്പനെ നാലു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെട്ടേക്കും.