ഇന്ത്യ- ഇംഗ്ലണ്ട് മത്സരം: ഈഡന് പകരം ബാംഗ്ലൂര്‍

Webdunia
തിങ്കള്‍, 31 ജനുവരി 2011 (10:31 IST)
ഫെബ്രവരി 27ന് നടക്കേണ്ട ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ വേദി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നിന്ന് മാറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബി സിസി ഐ.) ഔദ്യോഗികമായി അറിയിച്ചു. ഈഡന് പകരം ബാംഗ്ലൂരില്‍ മത്സരം നടത്താമെന്ന് ബി സി സി ഐ, ഐ സി സിയെ അറിയിച്ചു.

ബി സി സി ഐ സെക്രട്ടറിയും നിയുക്ത പ്രസിഡന്റുമായ എന്‍ ശ്രീനിവാസനാണ് കൊല്‍ക്കത്തയില്‍ മത്സരമുണ്ടാകില്ലെന്നും ബാംഗ്ലൂരിലാകും കളിയെന്നും പ്രഖ്യാപിച്ചത്.

ഈഡന്‍ ഗാര്‍ഡനില്‍ മത്സരം നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് ഐ സി സി പ്രസിഡന്റ് ശരദ് പവാര്‍ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി കൂടിയായ ശരദ് പവാറിനെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ ഞായറാഴ്ച ബന്ധപ്പെട്ടിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ളില്‍ ഈഡന് മത്സരം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുമെന്ന് പവാര്‍ തനിക്കുറപ്പ് നല്കിയിരുന്നുവെന്ന് ഡാല്‍മിയ പറഞ്ഞിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ടുവെച്ച ഫെബ്രവരി ഏഴിനുള്ളില്‍ പണി തീര്‍ത്തുകൊടുക്കാമെന്ന് ബംഗാള്‍ പൊതുമരാമത്ത് വകുപ്പും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഐ സി സി, ഈഡനില്‍ മത്സരം നടത്താനാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം ഈഡനില്‍ നടക്കേണ്ട മറ്റു മൂന്നു മത്സരങ്ങള്‍ക്കുവേണ്ടി വേദി സജ്ജീകരിക്കാന്‍ പത്തു ദിവസംകൂടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഐ സി സി അനുവദിച്ചിട്ടുണ്ട്.