മലയാളികൾക്ക് പെരുമാറാൻ അറിയില്ല? മോശമെന്ന് കോഹ്ലി; ഇത്രയെങ്കിലും തിരിച്ച് കാണിക്കണ്ടേയെന്ന് കാണികൾ - ചെയ്തത് തെറ്റോ?

ഗോൾഡ ഡിസൂസ
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (14:12 IST)
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഒരിക്കല്‍ക്കൂടി മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ തീര്‍ച്ചയായും സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷേ, നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും ഇത്തവണയും സഞ്ജുവിനോട് കനിഞ്ഞില്ല. 
 
ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ടീമിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായ അഞ്ചാമത്തെ ടി20യിലാണ് സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാതിരിക്കുന്നത്. ഇതോടെ ആരാധകർ കുറച്ച് ലൌഡ് ആയിട്ട് തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. 
 
സഞ്ജു സാംസണ്‍ ചെയ്ത ഏക തെറ്റ് കേരളത്തില്‍ ജനിച്ചെന്നതു മാത്രമാണെന്നും ക്രിക്കറ്റിൽ നോർത്ത് ഇന്ത്യൻ ലോബിയുടെ ഇടപെടൽ നന്നായിട്ടുണ്ടെന്നും ചിലർ ആരോപിക്കുന്നുണ്ട്. ഇസിയായി ലഭിക്കുമായിരുന്ന ഒരു ക്യാച്ച് പന്ത് കൈവിട്ടതോടെ കാണികൾ സഞ്ജുവെന്ന് ആർത്തുവിളിക്കാൻ തുടങ്ങി. ഇതോടെ കോഹ്ലി തിരിഞ്ഞ് നിന്ന് എന്താണെന്നും ഇന്ത്യയ്ക്കായി കൈയ്യടിക്കൂ എന്നും കാണികളോട് പറഞ്ഞു. 
 
കാണികൾ പ്രതികരിച്ച രീതി ശരിയായില്ലെന്നും മലയാളികൾ നാണം കെടുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. പന്തിനെ കാണികള്‍ കൂകിവിളിച്ചത് ശരിയായ പ്രവണതയല്ലെന്ന് ടിനു യോഹന്നാൻ തുറന്നടിച്ചു. ആരാധകരുടെ കൂകിവിളിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. 
 
അതേസമയം, സഞ്ജുവിന് ഒരിക്കൽ പോലും അവസരം നൽകാതിരുന്ന ടീമിനെ സ്വന്തം നാട്ടിൽ പോലും അവനൊരു ചാൻസ് നൽകാത്തതാണ് മലയാളികളെ രോക്ഷം കൊള്ളിച്ചത്. ടിക്കറ്റ് എടുത്തവർക്ക് കൂവാനും പാടില്ലേയെന്ന് ചോദിക്കുന്നവരും ഉണ്ട്. ഈ കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾ രണ്ട് ചേരിയിൽ ചേർന്നു കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article