Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 കോടിയുടെ 'തുഴച്ചില്‍'; കൊല്‍ക്കത്തയ്ക്ക് പാളിയത് !

രേണുക വേണു

ചൊവ്വ, 22 ഏപ്രില്‍ 2025 (14:02 IST)
Venkatesh Iyer

Venkatesh Iyer: കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. സീസണിലെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. 
 
തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് കൊല്‍ക്കത്ത തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 159 റണ്‍സ് മാത്രം. ഉപനായകന്‍ വെങ്കടേഷ് അയ്യറിന്റെ മോശം പ്രകടനം കൊല്‍ക്കത്തയുടെ തോല്‍വിക്ക് ആക്കം കൂട്ടി. 
 
19 പന്തുകള്‍ നേരിട്ട വെങ്കടേഷ് അയ്യര്‍ നേടിയത് വെറും 14 റണ്‍സ് മാത്രം. ഒരു ബൗണ്ടറി നേടാന്‍ പോലും വെങ്കടേഷിനു സാധിച്ചില്ല. സ്‌ട്രൈക് റേറ്റ് 73.68 മാത്രം ! 5.3 ഓവറില്‍ 43-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വെങ്കടേഷ് ബാറ്റ് ചെയ്യാനെത്തുന്നത്. ഒരുവശത്ത് നായകന്‍ അജിങ്ക്യ രഹാനെ ശ്രദ്ധയോടെ ബാറ്റ് ചെയ്തു ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ ആക്രമിച്ചു കളിച്ച് ഗുജറാത്തിനെ പ്രതിരോധത്തിലാക്കുകയായിരുന്നു വെങ്കടേഷ് അയ്യരിന്റെ ദൗത്യം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേതിനു സമാനമായ രീതിയില്‍ 'മെല്ലെപ്പോക്ക്' ഇന്നിങ്‌സായിരുന്നു താരത്തിന്റേത്. 
 
മെഗാ താരലേലത്തിനു മുന്നോടിയായി 23.75 കോടിക്ക് കൊല്‍ക്കത്ത നിലനിര്‍ത്തിയ താരമാണ് വെങ്കടേഷ് അയ്യര്‍. ഇത്ര ഭീമമായ തുകയ്ക്ക് വെങ്കടേഷിനെ നിലനിര്‍ത്തിയ കൊല്‍ക്കത്തയുടെ നീക്കം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെ പോലും റിലീസ് ചെയ്താണ് കൊല്‍ക്കത്ത വെങ്കടേഷിനെ നിലനിര്‍ത്തിയത്. 
 
ഈ സീസണില്‍ എട്ട് കളികളില്‍ നിന്ന് 22.50 ശരാശരിയില്‍ ഇതുവരെ നേടിയിരിക്കുന്നത് 135 റണ്‍സ് മാത്രമാണ്. സ്‌ട്രൈക് റേറ്റ് 139.18 ആണ്. അര്‍ധ സെഞ്ചുറി നേടിയത് ഒരു തവണ മാത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍