ഇന്ത്യാ വിൻഡീസ് മത്സരത്തിലെ തോൽവിക്ക് കാരണങ്ങൾ ചൂണ്ടികാണിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി

അഭിറാം മനോഹർ

തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (11:13 IST)
കാര്യവട്ടത്ത് നടന്ന് ഇന്ത്യാ വിൻഡീസ് മത്സരത്തിൽ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ  ഇന്ത്യൻ ടീം പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 170 റൺസ് കണ്ടെത്തിയ ഇന്ത്യയെ 8 വിക്കറ്റ് ബാക്കിനിൽക്കെയാണ് വിൻഡീസ് തോൽപ്പിച്ചത് . ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് (1-1)ന് ഒപ്പമെത്തുകയും ചെയ്തു. ഇപ്പോളിതാ മത്സരത്തിൽ എന്തുകൊണ്ട് ഇന്ത്യ പരാജയപ്പെട്ടു എന്നതിന്റെ കാരണങ്ങൾ ചൂണ്ടികാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.
 
ടി20യിൽ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യക്ക് ഇപ്പോഴും പ്രശ്നമാണെന്നാണ് സമ്മതിച്ച കോലി ഇത്തവണ പരാതി പറയുന്നത് ഇന്ത്യയുടെ മോശം ഫിനിഷിങിനെ പറ്റിയാണ്. അവസാന നാല് ഓവറിൽ 40-45 റൺസുകളാണ് ടീം പ്രതീക്ഷിക്കുന്നത്. ശിവം ദുബെ ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് പകർന്നിരുന്നു എന്നാൽ ഫിനിഷിങിൽ മികവ് പുലർത്തിയിരുന്നെങ്കിൽ അല്പം കൂടി മെച്ചപ്പെട്ട ടോട്ടൽ നേടാമായിരുന്നു. 
 
മോശം ഫിനിഷിങ് മാത്രമല്ല മോശം ഫീൽഡിങും ഇന്ത്യൻ പരാജയത്തിന് കാരണമായെന്ന് കോലി പറയുന്നു. ഇത്രയും മോശം ഫീൽഡിങ്ങാണ് നിങ്ങൾ കാഴ്ചവെക്കുന്നതെങ്കിൽ എത്ര മെച്ചപ്പെട്ട സ്കോർ നിങ്ങൾ നേടിയാലും പ്രതിരോധിക്കാൻ ബുദ്ധിമുട്ടായിരിക്കും കോലി ചൂണ്ടികാട്ടി. ഭുവനേശ്വർ കുമറിന്റെ അഞ്ചാം ഓവറിൽ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ പാഴാക്കിയിരുന്നു. വാഷിങ്ടൺ സുന്ദറും റിഷഭ് പന്തുമാണ് ക്യാചുകൾ കൈവിട്ടത്.
 
എന്നാൽ ഇന്ത്യയുടെ മൂന്നാം നമ്പർ താരമായി ശിവം ദുബയെ ഇറക്കാനുള്ള തീരുമാനം മത്സരത്തിൽ വിജയിച്ചതായി കോലി പറയുന്നു. താരത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്കോർ 170ലെത്തിയത്. ദുബെ 30 പന്തിൽ നാലു സിക്സറുകളടക്കം 54 റൺസ് നേടിയിരുന്നു. 
 
പിച്ച് സ്പിന്നർമാരെ അനുകൂലിക്കുന്നതായി മനസ്സിലാക്കിയതോടെയാണ് ശിവത്തെ മൂന്നാമനായി ഇറക്കാൻ തീരുമാനിച്ചത്. സ്പിന്നർമാർക്കെതിരെ ആക്രമിച്ചുകളിക്കാൻ എന്തുകൊണ്ട് ശിവത്തെ ഇറക്കിക്കൂടെന്ന് തോന്നി. ആ പ്ലാൻ മത്സരത്തിൽ വിജയിക്കുകയും ചെയ്തതായി കോലി കൂട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍