ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അത്ഭുതക്കുട്ടി - പൃഥ്വി ഷാ!

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (16:58 IST)
സ്വപ്നമല്ലാതെ മറ്റെന്ത്? ഇതുപോലെ ഒരു അരങ്ങേറ്റം ആരാണ് കൊതിക്കാത്തത്? മുംബൈയുടെ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞ് അരങ്ങേറ്റം തന്നെ രാജകീയമാക്കി. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി! ഇത് സ്വപ്നമാണോ എന്ന് ക്രിക്കറ്റ് ആരാധകര്‍ സ്വയം നുള്ളിനോക്കുന്ന സമയമാണിപ്പോള്‍.
 
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ കളിക്കാരനാണ് പൃഥ്വി ഷാ. വെറും പതിനെട്ടുകാരന്‍. എന്നാല്‍ ഒരു പതിനെട്ടുകാരന്‍റെ ബാറ്റിംഗ് കരുത്തല്ല അതെന്ന് വെസ്റ്റിന്‍ഡീസ് ബൌളര്‍മാര്‍ക്ക് ബോധ്യമായിട്ടുണ്ടാവും. ടെസ്റ്റ് അരങ്ങേറ്റമാണെന്നൊന്നും പയ്യന്‍ നോക്കിയില്ല, ഏകദിനം പോലെ അടിയോടടി. ഒടുവില്‍ സെഞ്ച്വറി കൈപ്പിടിയില്‍.
 
രാജ്കോട്ടില്‍ ചരിത്രമെഴുതിയ പൃഥ്വി ഷായ്ക്ക് മുമ്പ് ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ കൌമാരക്കാരന്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‍! സച്ചിന് അന്ന് 17 വയസ് മാത്രമായിരുന്നു പ്രായം. ഇംഗ്ലണ്ടിനെതിരെയായിരുന്നു സച്ചിന്‍ അന്ന് നൂറടിച്ചത്.
 
‘പൃഥ്വി, അരങ്ങേറ്റത്തില്‍ നീ കാഴ്ചവച്ച ഈ ആക്രമണ ബാറ്റിംഗ് എത്ര മനോഹരമായ കാഴ്ച’യെന്ന് സച്ചിന്‍ തന്നെ ട്വിറ്ററില്‍ കുറിച്ചപ്പോള്‍ ആത്ത് പൃഥ്വി ഷായ്ക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി. ‘ഷാ, വാട്ട് എ ഷോ!’ എന്നാണ് മറ്റൊരു കൂറ്റനടിക്കാരന്‍ രോഹിത് ശര്‍മയുടെ കമന്‍റ്.
 
99 പന്തുകളില്‍ നിന്നാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. 15 ബൌണ്ടറികളായിരുന്നു ആ ഇന്നിംഗ്സില്‍ അടങ്ങിയിരുന്നത്. 
 
1999 നവംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ വിരാറിലാണ് പൃഥ്വി ഷാ ജനിച്ചത്. മുംബൈക്ക് വേണ്ടി കളിക്കുന്ന പൃഥ്വി ഐപി‌എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ താരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍