ലോകകപ്പ് ടീമില്‍ നിന്ന് ഋഷഭ് പന്തിനെ തഴഞ്ഞതിന്‍റെ കാരണമെന്ത്?

തിങ്കള്‍, 15 ഏപ്രില്‍ 2019 (18:08 IST)
ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പുറത്ത്. ടീമില്‍ ഇടം പിടിക്കാന്‍ പന്തിന്‌ കഴിഞ്ഞില്ല. മികച്ച പ്രകടനങ്ങളിലൂടെ കഴിവ് തെളിയിച്ച പന്ത് രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ ഉള്‍പ്പെടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു സെലക്‍ടര്‍മാരുടെ തീരുമാനം.
 
ഇതുസംബന്ധിച്ച് വലിയ ചര്‍ച്ച തന്നെ നടന്നതായി ചീഫ് സെലക്‍ടററായ എം എസ് കെ പ്രസാദ് പ്രതികരിച്ചു. “തീര്‍ച്ചയായും ഞങ്ങള്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ തന്നെ നടത്തി. മഹേന്ദ്രസിംഗ് ധോണിക്ക് കളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ആ സ്ഥാനത്തേക്ക് റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക് എന്നിവരില്‍ ഒരാളാണ് വരേണ്ടതെന്നതില്‍ ഞങ്ങള്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഇതുപോലെ സുപ്രധാനമായ ഒരു ടൂര്‍ണമെന്‍റില്‍ വിക്കറ്റ് കീപ്പിംഗ് എന്നത് പരമപ്രധാനമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഒടുവില്‍ ദിനേശ് കാര്‍ത്തിക്കിലേക്ക് എത്തിയത്” - എം എസ് കെ പ്രസാദ് പറഞ്ഞു.
 
അതായത്, പന്തിനേക്കാള്‍ പക്വതയും പ്രകടന മികവും പരിചയസമ്പത്തും ദിനേശ് കാര്‍ത്തിക്കിനാണെന്ന് സെലക്‍ടര്‍മാര്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡികെ ടീമില്‍ ഉള്‍പ്പെട്ടത്. പന്തിന് പുറമേ അമ്പാട്ടി റായുഡുവിനും ടീമില്‍ ഉള്‍പ്പെടാന്‍ ഭാഗ്യമുണ്ടായില്ല. 
 
ഇത്തവണത്തെ ലോകകപ്പിനുള്ള പന്തിനഞ്ചംഗ ഇന്ത്യന്‍ ടീം ഇങ്ങനെയാണ്: വിരാട് കോഹ്‍ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍‌), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മഹേന്ദ്രസിങ് ധോണി(വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍