ഒരുകളിയാല്‍ നിര്‍മ്മിക്കപ്പെട്ടവനല്ല മഹേന്ദ്രസിംഗ് ധോണി. അത് വിമര്‍ശിക്കുന്നവര്‍ക്കും അറിയാം. എങ്കിലും വിമര്‍ശിക്കും. കാരണമെന്തെന്നോ? അത് പൊതുസ്വഭാവമാണ്. പടക്കളത്തില്‍ രഥത്തിന്‍റെ ചക്രമൊന്നുതാഴ്ന്നപ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു - ഇതാണ് അവസരം. ധോണിക്ക് ഒരു പരമ്പരയിലോ ഒരു കളിയിലോ ചുവടൊന്നുപിഴച്ചാല്‍ അതൊരു അവസരമാണ്. ഒന്നുപതറുമ്പോള്‍ അടിച്ചാലേ ശക്തന്‍ നിലംപതിക്കൂ.
എന്നാല്‍ തനിക്കുചുറ്റും രക്തക്കൊതിയുമായി കാത്തിരിക്കുന്നവരേക്കുറിച്ച് ധോണി ബോധവാനാണ് എന്നതാണ് ശത്രുക്കളുടെ ദുരവസ്ഥ. ഒന്നോ രണ്ടോ കളി മോശമാകുമ്പോള്‍ തൊട്ടടുത്ത മത്സരത്തില്‍ അസാധാരണമായ വീര്യത്തോടെ എംഎസ്‌ഡി മറുപടി നല്‍കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ വീഴ്ചയ്ക്ക് രണ്ടാം ഏകദിനത്തില്‍ ധോണി തിരിച്ചടി നല്‍കി. ഇന്ത്യകണ്ട ഏറ്റവും മികച്ച ഫിനിഷര്‍ക്ക് ഇതെന്തുപറ്റിയെന്ന് ആക്രോശിച്ചവരേ, കല്ലെറിഞ്ഞവരേ, ഒരുനിമിഷം നില്‍ക്കൂ... ഇതാണ് ധോണി!
ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാര്‍ക്കുമുമ്പില്‍ മുട്ടുവിറച്ച് ഒന്നിനുപിറകേ ഒന്നായി തന്‍റെ കൂട്ടാളികളെല്ലാം കൂടാരം കയറിയപ്പോള്‍ ധോണിയെന്ന വന്‍മരം ഇളകാതെനിന്നു. ഒടുവിലത്തെ പുല്‍നാമ്പിനെയും കൂട്ടുപിടിച്ച് നടത്തിയ യുദ്ധമായിരുന്നു അത്. എം എസ് ധോണി എന്ന പടനായകന്‍റെ ഒറ്റയാള്‍ പോരാട്ടം. ഈ ചങ്കുറപ്പുകൊണ്ടാണ്, പേസ് പടയുടെ തീയുണ്ടകളെ ബൌണ്ടറിക്കപ്പുറത്തേക്ക് പറത്തിവിടുന്ന ഈ ബ്രില്യന്‍സ് കൊണ്ടാണ്, ഏത് പ്രതിസന്ധിയിലും ഏത് കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കുന്ന ഈ അക്ഷോഭ്യത കൊണ്ടാണ് വര്‍ഷങ്ങളോളം ക്യാപ്ടന്‍റെ കസേരയില്‍ ധോണി ഇരിപ്പുറപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രം പരിശോധിക്കൂ... മറ്റാര്‍ക്കുണ്ട് എതിര്‍ ടീമിനുമേല്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തുന്ന ഈ ശരീരഭാഷ?
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 86 പന്തുകളില്‍ നിന്ന് 92 റണ്‍സ്. ഒരു ഡബിള്‍ സെഞ്ച്വറിയുടെ മികവുണ്ട് ആ 92 റണ്‍സിന്. എല്ലാ വിമര്‍ശനങ്ങള്‍ക്കും എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും തലയുയര്‍ത്തിപ്പിടിച്ച് നല്‍കിയ ഈ മറുപടിയില്‍ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിയുമെന്ന് തീര്‍ച്ച. അവസാന ഓവറിലെ അഞ്ചുപന്തുകളില്‍ നിന്ന് റണ്‍സൊന്നും എടുക്കാനാകാതെ നിന്ന ധോണി അവസാന പന്തില്‍ സിക്സര്‍ പറത്തിയപ്പോള്‍ ആ ഫിനിഷറുടെ ഉഗ്രരൂപമാണ് വീണ്ടും കാണാനായത്. ധോണിയുടെ ഫിറ്റ്നസിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവര്‍ വിക്കറ്റിനിടയിലൂടെ അദ്ദേഹത്തിന്‍റെ ഓട്ടം ശ്രദ്ധിക്കുക. ഇരുപതുകാര്‍ മാറിനില്‍ക്കുന്ന മെയ്‌വഴക്കത്തോടെ പറക്കുകയായിരുന്നു ധോണി.
ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയപ്പോഴോ? വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ധോണിയുടെ തിളക്കം മങ്ങിയെന്ന് ആരോപിക്കുന്നവര്‍ ഹാഷിം അംലയെ സ്റ്റംപ് ചെയ്ത നിമിഷം മനസിലേക്ക് കൊണ്ടുവരുക. അല്ലെങ്കില്‍ ഡേവിഡ് മില്ലറെ സംപൂജ്യനാക്കിയ ആ കിടിലന്‍ ക്യാച്ച്. മഹേന്ദ്രസിംഗ് ധോണിക്ക് ഇനിയും വര്‍ഷങ്ങളോളം ക്രിക്കറ്റ് ആയുസ് ബാക്കിയാണെന്ന് തെളിയിക്കാന്‍ ഇനിയെത്ര സാക്‍ഷ്യപ്പെടുത്തലുകള്‍ വേണം!