ബോക്സോഫീസില്‍ പുലിയായി മോഹന്‍ലാല്‍; പുലിമുരുകന്‍ 5 ദിവസം 20 കോടി!

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (12:09 IST)
പുലിമുരുകന് എതിരാളികളില്ല. പുലിയെ വേട്ടയാടുന്നതുപോലെ അത് മലയാള സിനിമയുടെ ബോക്സോഫീസും വേട്ടയാടി കീഴടക്കിയിരിക്കുന്നു. വെറും അഞ്ചുദിവസം കൊണ്ട് കളക്ഷന്‍ 20 കോടി. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ബ്രഹ്മാണ്ഡസിനിമ മലയാളത്തിലെ സര്‍വ്വകാല വിജയമായി മാറിയിരിക്കുകയാണ്.
 
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 20 കോടി തികച്ച സിനിമയായി പുലിമുരുകന്‍ മാറിയിരിക്കുന്നു. ആദ്യ മൂന്നുദിവസം കൊണ്ട് 13 കോടി സ്വന്തമാക്കിയ ഈ ചിത്രം അടുത്ത രണ്ടുദിനം കൊണ്ട് വാരിക്കൂട്ടിയത് ഏഴുകോടിയിലധികമാണ്.
 
11 ദിവസം കൊണ്ടാണ് മോഹന്‍ലാലിന്‍റെ ‘ഒപ്പം’ 20 കോടി കടന്നത് എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായി പുലിമുരുകന്‍ മാറും എന്നുറപ്പായി.
 
21 കോടി രൂപയാണ് പുലിമുരുകന്‍റെ ബജറ്റെന്നാണ് വിവരം. അതനുസരിച്ചാണെങ്കില്‍ ഇതിനകം തന്നെ ചിത്രം മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. പുലിമുരുകന്‍ കളിക്കുന്ന എല്ലാ തിയേറ്ററുകളിലും അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്നുണ്ട്. കേരളത്തില്‍ 160 തിയേറ്ററുകളില്‍ നിന്ന് 200 തിയേറ്ററുകളിലേക്ക്ക് പുലിമുരുകന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
Next Article