Kaithi 2: കൈതി 2 വിന് ലോകേഷ് ചോദിച്ചത് 75 കോടി! ചിത്രം ഇനിയും വൈകും

നിഹാരിക കെ.എസ്

വ്യാഴം, 21 ഓഗസ്റ്റ് 2025 (08:56 IST)
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സിനിമയാണ് കൈതി. 6 വർഷത്തോളമായി സിനിമ റിലീസ് ആയിട്ട്. കൈതി 2 പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. ഇതിനിടെ, ലോകേഷ് വിക്രം, കൂലി എന്നീ സിനിമകളും ചെയ്തു. കൈതിക്ക് വേണ്ടിയുള്ള ലൊക്കേഷൻ ഹണ്ട് നടക്കുന്നതിനിടെയായിരുന്നു ലോകേഷ് കൂലിയിലേക്ക് തിരിഞ്ഞത്. കൂലി കഴിഞ്ഞാൽ ഉടൻ കൈതി 2 ആരംഭിക്കുമെന്നായിരുന്നു ലോകേഷ് പറഞ്ഞത്. 
 
എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം കൈതി 2 ഇനിയും വൈകും. ഇതിന് കാരണം ലോകേഷ് കനകരാജിന്റെ പ്രതിഫലം ആണെന്നാണ് സൂചന. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആയിരുന്നു കൈതി നിർമിച്ചത്. കൈതി 2 പ്രഖ്യാപിക്കുമ്പോഴും ഇവർ തന്നെയായിരുന്നു നിർമാതാവ്. എന്നാൽ കൂലി കാരണം സംവിധായകൻ ലോകേഷ് കനകരാജിന്റെ ശമ്പളം 50 കോടി രൂപയായി ഉയർന്നു. ഇതോടെ, ചെലവ് വർദ്ധനവ് ആശങ്കാജനകമാണെന്ന് സൂചിപ്പിച്ചുകൊണ്ട് കെവിഎൻ പ്രൊഡക്ഷൻസും കൈതി 2 നിർമാണത്തിൽ ഇടപെട്ടു.
 
കൈതി 2 ന്റെ പുരോഗതിയെ വീണ്ടും ബജറ്റ് പരിമിതികൾ ബാധിക്കുന്നതായി പുതിയ അഭ്യൂഹങ്ങളുണ്ട്. ഇത്രയും ഉയർന്ന ചിലവുള്ള ഒരു പ്രോജക്റ്റ് ഏറ്റെടുക്കുന്നതിന് മുമ്പ് കൈതി 2 നിർമ്മാതാക്കൾ ബജറ്റ് പുനഃപരിശോധിക്കുന്നതായി റിപ്പോർട്ടുണ്ട്. കൈതിക്ക് വേണ്ടി ലോകേഷ് വാങ്ങിയത് 50 ലക്ഷം ആയിരുന്നു. എന്നാൽ, കൈതി 2 വിന് ലോകേഷ് ചോദിക്കുന്നത് 75 കോടിയാണ്. 10 കോടി വരെ നൽകാമെന്നാണ് നിർമാതാക്കൾ പറയുന്നത്. ഇതാണ് സിനിമ വൈകാൻ കാരണം.
 
അതിനിടെ, ലോകേഷ് കനകരാജ് ആർ‌കെ‌എഫ്‌ഐ നിർമ്മിച്ച രജനീകാന്ത്-കമൽഹാസൻ ചിത്രം പോലുള്ള മറ്റ് പ്രോജക്റ്റുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു. തമിഴിലെ വമ്പന്‍ ബാനറായ റെഡ് ജയന്‍്‌സും കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസും ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്.  2 ഗ്യാങ്ങ്സ്റ്റര്‍ തലവന്മാര്‍ തമ്മിലുള്ള കുടിപ്പകയാകും പുതിയ സിനിമയുടെ ഇതിവൃത്തമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍