Coolie: കൂലിയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടും 5 കോടി ബാക്കി വന്നിരുന്നുവെന്ന് നാഗാർജ്ജുന

നിഹാരിക കെ.എസ്

ചൊവ്വ, 5 ഓഗസ്റ്റ് 2025 (10:28 IST)
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന കൂലി 14 ന് റിലീസ് ആകും. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. വലിയ കാൻവാസിൽ ബിഗ് ബജറ്റ് സിനിമ ആയാണ് കൂലി ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് നാഗാർജ്ജുന. 
 
സിനിമ പൂർത്തിയായിട്ടും നിർമാതാക്കൾ നൽകിയതിൽ 5 കോടി ബാക്കി ഉണ്ടായിരുന്നതായി ലോകേഷ് തന്നോട് പറഞ്ഞെന്ന് പറയുകയാണ് നാഗാർജുന. സിനിമയുടെ പ്രമോഷൻ വേദിയിലാണ് നടന്റെ പ്രതികരണം.
 
'ലോകേഷിനെ എനിക്ക് എത്ര ഇഷ്ടമാണെന്ന് ചോദിച്ചാൽ, കൈതി എന്ന സിനിമ കണ്ടതുമുതലാണെന്ന് ഞാൻ പറയും. എന്ത് രസമായിട്ടാണ് അയാൾ ആ സിനിമ ചെയ്തുവെച്ചിരിക്കുന്നത്. അതിന് ശേഷം ചെയ്ത വിക്രവും എനിക്ക് ഒരുപാട് ഇഷ്ടമായി. ആ രണ്ട് സിനിമകൾക്ക് ശേഷം ലോകേഷുമായി വർക്ക് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായി. 
 
ഏതെങ്കിലും കഥയുണ്ടെങ്കിൽ തന്നെ വിളിക്കുമെന്ന് ഉറപ്പായിരുന്നു. എന്നോട് കഥ പറഞ്ഞപ്പോൾ എന്റെ കഥാപാത്രം എന്തുമാത്രം കൂളാണെന്ന് മനസിലായി. ആദ്യമായിട്ടാണ് ലോകേഷിന്റെ ഒരു സിനിമയിൽ ഇത്രയും പവർഫുള്ളായിട്ടുള്ള വില്ലൻ എത്തുന്നതെന്ന് തോന്നുന്നു. നായകനൊപ്പം നിൽക്കുന്ന കഥാപാത്രത്തെയാണ് ലോകേഷ് എനിക്ക് തന്നത്. ഈ സിനിമ ലോകേഷ് ഷൂട്ട് ചെയ്ത രീതിയും പ്രശംസിക്കപ്പെടേണ്ടതാണ്. 
 
ഷൂട്ടിന്റെ അവസാനമായപ്പോഴേക്ക് ലോകേഷ് എന്നോട് സാർ, സൺ പിക്ചേഴ്‌സ് തന്ന പൈസയിൽ അഞ്ച് കോടി ഇനിയും ബാക്കിയുണ്ട് എന്ന് പറഞ്ഞു. എന്നെ ഞെട്ടിച്ചു കളഞ്ഞു അത്. കാരണം യഥാർത്ഥ ബജറ്റിന്റെ 5 മടങ്ങ് കവിഞ്ഞാലും സിനിമ പൂർത്തിയാക്കാത്ത സംവിധായകനുണ്ട്', നാഗാർജുന പറഞ്ഞു.
 
ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍