വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്ന് നടൻ ഷെയിൻ നിഗത്തിനെ നിർമ്മാത്തക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ വിനയൻ. മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയിനിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കും എന്ന് വിനയൻ വ്യക്തമാക്കി.
ജീവിത മാർഗം മുടക്കി ഒരാളെ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും എന്നാൽ ഷെയിൻ നിഗത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ അച്ചടക്കമില്ലായ്മ തെറ്റുതന്നെയാണെന്നും വിനയൻ ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എന്റെ സുഹൃത്തായിരുന്ന നമ്മെ വിട്ടു പിരിഞ്ഞ കലാകാരൻ അബിയുടെ മകനോട് ആ സ്നേഹവാൽസല്യത്തോടുകൂടി പറയട്ടെ ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്. കാരണം ഷെയ്നേപ്പോലെയും ഷെയ്നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാർ അതു പ്രകടിപ്പിക്കാൻ ഒരവസരം കിട്ടാതെ അലയുന്നുണ്ട്.
ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമ്മാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം ഒരു വിലക്കുമില്ലാതെ ഷെയ്ന് മറ്റു സിനിമകളിൽ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം
അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയ്നേ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. സമീപ കാലത്തുണ്ടായ പ്രശ്നങ്ങലിലൊക്കെ ലാൽ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെ എന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തന്നെ സിനിമയിൽ നിന്നും പൂർണമായും വിലക്കിയ സംഭവം വിശദീകരിക്കുന്നതാണ് വിനയന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.