‘നിന്നെ കുടുക്കാനുള്ള പരിപാടിയാണ്, പിന്നിൽ നല്ല ഗെയിം ഉണ്ട് മോനേ’ - അസോസിയേഷൻ നിനക്കെതിരെ തിരിയുമെന്ന് ശരത് മേനോൻ പറഞ്ഞതായി ഷെയ്ൻ നിഗം

നീലിമ ലക്ഷ്മി മോഹൻ

വെള്ളി, 29 നവം‌ബര്‍ 2019 (16:48 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ മലയാള സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ നടപടിയിൽ പ്രതിഷേധമറിച്ച് ഷെയ്ൻ നിഗം. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ വെയിൽ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയത്.  
 
‘അസോസിയേഷൻ ഇടപെട്ട് വെയിൽ സിനിമയുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണ്. 15 ദിവസമാണ് എന്നോട് പറഞ്ഞത്. പക്ഷേ, 23 ദിവസം വേണമെന്ന് പറഞ്ഞു. അസോസിയേഷനിൽ വെച്ച് മാധ്യമങ്ങളോടും എന്നോടും 15 ദിവസം മതിയെന്നല്ലേ പറഞ്ഞത്? 15 ദിവസം കഴിഞ്ഞിട്ട് പോയാലും അസോസിയേഷൻ നിനക്കെതിരെ തിരിയും. ഇതിന്റെയൊക്കെ പിന്നിൽ വേറെ ഗെയിം ഉണ്ട്. നിന്നെ കുടുക്കാനുള്ള പരിപാടിയാണ് എന്നായിരുന്നു അപ്പോൾ സംവിധായകൻ ശരത് മേനോൻ പറഞ്ഞത്.’ 
 
‘പിറ്റേദിവസം ശരത് ഉമ്മച്ചിയെ വിളിച്ച് എന്റെ ആറ്റിറ്റ്യൂഡ് മാറ്റിയില്ലെങ്കിൽ ശരിയാകില്ലെന്ന് നിർമാതാക്കളുടെ സംഘടന പറഞ്ഞുവെന്ന് പറയുന്നു. സഹിക്കാൻ പറ്റാതെയായപ്പോൾ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺ‌ട്രോളറോട് വിളിച്ച് എന്റെ ആറ്റിറ്റ്യൂട്ട് മാറ്റാൻ ഉദ്ദേശമില്ലെന്നും അനുഭവിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞ് ഞാൻ പോയത് മധുരയ്ക്കാണ്’. - ഷെയ്ൻ നിഗം പറയുന്നു. 
 
‘ഉല്ലാസത്തിന്റെ കാര്യം, ഷാഫി ചെമ്മാടിനെ വിളിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു ഞാനാർക്കും കൊടുത്തിട്ടില്ല. ക്രിസ്റ്റിക്ക് (നിർമാതാവ്) കൊടുത്തിരുന്നു. അയാൾ പ്രൊഡ്യൂസേഴ്സ് കൌൺസിലിനു മെയിൽ ചെയ്ത് കൊടുത്തിരുന്നു. സംഘടനയോട് ചോദിച്ചാൽ മീഡിയ ആണെന്ന് പറയും. ഷാഫി ചെമ്മാടിനും നിർമാതാവിനും യാതോരു പരാതിയുമില്ലെന്നായിരുന്നു അവർ പറഞ്ഞത്.’
 
‘ഓഡിയോ എങ്ങനെ പുറത്തുപോയെന്ന് അവർക്കും അറിയില്ല. അസോസിയേഷനോട് ചോദിച്ചാൽ അവരും മീഡിയ ആണെന്ന്. സുബൈറിക്കയും അങ്ങനെ തന്നെയാണ് പറഞ്ഞത്. അവർക്കാർക്കും ഒരു പരാതിയുമില്ല. അവർക്ക് പരാതിയുണ്ടെന്ന് വരുത്തി തീർക്കുകയാണ് മീഡിയ. ഏത് മീഡിയ ആണെന്ന് ഉടൻ തന്നെ അറിയും’.
 
‘ഉല്ലാസം സിനിമ ‘ഓളി’ന്റെ ലൊക്കേഷനിൽ വെച്ച് കഥ പറയുന്നതും 5 ലക്ഷത്തിന്റെ അഡ്വാൻസും തന്നതും. അന്ന് ദേവനായിരുന്നു ഡയറക്ടർ. ഒരു എഗ്രിമെന്റിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എത്രയാണോ പ്രതിഫലം എന്നത് അത് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഷെയിനിന്റെ സ്റ്റാർവാല്യൂ അനുസരിച്ച് തുക എഴുതാമെന്ന് വാക്കാൽ പറഞ്ഞായിരുന്നു അന്ന് എഗ്രിമെന്റിൽ ഒപ്പിട്ട് നൽകിയത്’.
 
‘പിന്നീട് ദേവനെ മാറ്റി. ടൊം ഇമ്മട്ടിയേയും സമീപിച്ചു, അദ്ദേഹവും മാറി. അതിനുശേഷം രൂപേഷ് പിതാംബരനെ സമീപിച്ചെങ്കിലും അദ്ദേഹവും പിന്മാറി. ഒടുവിൽ ജീവൻ ജോജോ എന്ന സംവിധായകന്റെ അടുത്ത് സിനിമ എത്തുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ വെച്ച് 45 ലക്ഷത്തിന് വാക്കാൽ കരാറായി. എന്റെ മാനേജർ പറഞ്ഞത് ഷെയിൻ ഇപ്പോൾ ചെയ്യുന്നത് 60 ലക്ഷത്തിനാണ്. നിങ്ങളെ 8 മാസത്തെ പരിചയമുള്ളതിനാൽ 50 ലക്ഷം മതിയെന്ന് പറഞ്ഞു. ക്രിസ്റ്റിയെല്ലാം സംസാരിച്ച് അത് 45 ലക്ഷത്തിലേക്ക് എത്തിക്കുകയായിരുന്നു.‘
 
‘എന്റെ കാര്യം ഞാനല്ലേ പറയേണ്ടത്. എനിക്ക് ഒരാളേയും വിശ്വാസമില്ല. നേരത്തെ ഉണ്ടായിരുന്ന മാനേജർ തന്നിട്ട് പോയ പണിയെല്ലാം എട്ടിന്റേതാണ്. അതുകൊണ്ട് എന്റെ കാര്യം ഞാൻ തന്നെ അല്ലേ പറയേണ്ടത്, ആ ഓഡിയോ നോട്ടിൽ എന്ത് തെറ്റാണ് ഞാൻ പറഞ്ഞത്?. ഇന്ന് ഇറങ്ങുന്ന പടത്തിന് എന്റെ പ്രതിഫലം എങ്ങനെ തീരുമാനിക്കണമെന്ന് ഞാനല്ലേ ചിന്തിക്കേണ്ടത്?.‘- ഷെയ്ൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍