'ഓം ശാന്തി ഓശാന'യില്‍ ഈ കഥാപാത്രത്തിനായി ആദ്യം കണ്ടെത്തിയത് വീണയെ; ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി

Webdunia
ബുധന്‍, 19 മെയ് 2021 (15:46 IST)
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓശാന. നിവിന്‍ പോളിയും നസ്രിയയും പ്രധാന വേഷത്തിലെത്തിയ ചിത്രം ക്യാംപസുകളില്‍ വലിയ ഹരം തീര്‍ത്തു. ഈ ചിത്രത്തില്‍ വിനയ പ്രസാദ് അവതരിപ്പിച്ച വൈന്‍ ആന്റി കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനയ പ്രസാദാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍, ഈ കഥാപാത്രത്തിനായി സംവിധായകന്‍ ജൂഡ് ആദ്യം സമീപിച്ചത് വീണ ജോര്‍ജിനെയാണ് ! അതെ, കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ് തന്നെ. വീണയെ ആരോഗ്യമന്ത്രിയായി തിരഞ്ഞെടുത്ത വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സംവിധായകന്‍ ജൂഡ് ഇക്കാര്യം പങ്കുവച്ചത്. 
 
ജൂഡിന്റെ കുറിപ്പ് ഇങ്ങനെ 
 
ഓം ശാന്തി ഓശാനയിലെ വൈന്‍ ആന്റി ആകാന്‍ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം (വീണ ജോര്‍ജ്) ഇന്ത്യ വിഷനില്‍ ജോലി ചെയ്യുന്നു.  അന്ന് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനില്‍ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്‌സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും (മനീഷ് നാരായണന്‍) ഉണ്ടായിരുന്നു കഥ കേള്‍ക്കാന്‍. എന്റെ കഥ പറച്ചില്‍ ഏറ്റില്ല, സ്‌നേഹപൂര്‍വ്വം അവരതു നിരസിച്ചു. അന്ന് ഞാന്‍ പറഞ്ഞു ഭാവിയില്‍ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കില്‍, മാം ആ വേഷം ചെയ്‌തേനെ എന്ന്. ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി. അഭിനന്ദനങ്ങള്‍ മാം. മികച്ച പ്രവര്‍ത്തനം കാഴ്ചവക്കാനാകട്ടെ
 
അതേസമയം, രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം ചുമതലയേല്‍ക്കുന്ന വീണ ജോര്‍ജ്ജിന് മറികടക്കാനുള്ള കടമ്പകള്‍ ഏറെയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് വീണ ആരോഗ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത്. പാര്‍ട്ടി തന്നില്‍ ഏല്‍പ്പിച്ച ഏതൊരു ഉത്തരവാദിത്തവും ആത്മാര്‍ഥമായി ചെയ്യുമെന്നാണ് വീണയുടെ പ്രതികരണം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article