മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ റീ റിലീസ് ചെയ്തിട്ടുണ്ട്. ഇതിൽ മോഹൻലാൽ ചിത്രങ്ങളെല്ലാം ഹിറ്റായി. മമ്മൂട്ടി ചിത്രങ്ങൾക്ക് വേണ്ടത്ര കളക്ഷൻ നേടാനോ റീ റിലീസിൽ ഓളം സൃഷ്ടിക്കാനോ കഴിഞ്ഞിരുന്നില്ല. മോഹൻലാലിന്റെ ഛോട്ടാ മുംബൈ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും അധികം ഓളം ഉണ്ടാക്കിയ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു സൂപ്പർ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്.
സുരേഷ് ഗോപി നായകനായ കമ്മീഷണർ ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്. ഛോട്ടാ മുംബൈ, ദേവദൂതൻ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റർ വർക്കിന്റെ പിന്നിലും. 4K യിൽ ഡോൾബി അറ്റ്മോസിലാണ് കമ്മീഷണർ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഓണത്തിനോട് അനുബന്ധിച്ചാകും ചിത്രം റീ റിലീസ് ചെയ്യുക.
പുറത്തിറങ്ങി 31 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 1994 ലാണ് ചിത്രം റിലീസ് ആയത്. ഷാജി കൈലാസ് ആയിരുന്നു സംവിധാനം. സുരേഷ് ഗോപിക്ക് സൂപ്പർതാര പദവി നേടിക്കൊടുത്ത സിനിമകളിൽ ഒന്നായിരുന്നു ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.