JSK Movie: പേര് മാറ്റിയാലും അത്ഭുതമില്ല, നിർമാതാക്കൾ ആശങ്കയിലെന്ന് ഫെഫ്ക

അഭിറാം മനോഹർ

വെള്ളി, 27 ജൂണ്‍ 2025 (13:39 IST)
സുരേഷ് ഗോപി ചിത്രമായ ജെഎസ്‌കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക. സിനിമയുടെ പേര് മാറ്റണമെന്ന് റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. സമാനമായി 2 സിനിമകള്‍ ഇതിന് മുന്‍പ് പേര് മാറ്റിയിട്ടുണ്ടെന്നും ജെഎസ്‌കെ എന്ന സിനിമയുടെ പേര് മാറ്റണമെന്നുമാണ് റിവൈസിങ് കമ്മിറ്റി പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ജാനകി vs കേരള സ്റ്റേറ്റ് എന്ന സിനിമ പ്രധാനകഥാപാത്രമായ ജാനകി ലൈംഗികാധിക്രമം നേരിട്ടതിനെ തുടര്‍ന്ന് കേരള സംസ്ഥാനത്തിനെതിരെ നടത്തുന്ന നിയമപോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. എന്നാല്‍ ജാനകി എന്ന സീതാദേവിയുടെ പേര് സിനിമയില്‍ കഥാപാത്രത്തിനായി ഉപയോഗിക്കരുതെന്നും ജാനകി എന്ന് വരുന്ന ഭാഗങ്ങള്‍ മറ്റൊരു പേരാക്കി മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ നിര്‍മാതാക്കള്‍ റിവസിങ് കമ്മിറ്റിയെ സമീപിച്ചെങ്കിലും ഇതേ ആവശ്യമാണ് റിവൈസിങ് കമ്മിറ്റിയും മുന്നോട്ട് വെച്ചത്. നിര്‍മാതാക്കള്‍ സമ്മര്‍ദ്ദത്തിലാണെന്നും ഈ സമ്മര്‍ദ്ദത്തില്‍ സിനിമയുടെ പേര് മാറ്റിയാല്‍ പോലും അത്ഭുതമില്ലെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍