വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തില്‍ വിട്ടു

രേണുക വേണു
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (10:11 IST)
വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ മാസമാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മട്ടാഞ്ചേരിയില്‍ വെച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിനു ലഭിച്ച പരാതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താരത്തെ ജാമ്യത്തില്‍ വിട്ടയച്ചു. 
 
സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെ എത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയും ശേഷം നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരനു സാരമായ പരുക്കുകള്‍ സംഭവിച്ചിരുന്നു. 
 
കാര്‍ നിര്‍ത്താതെ പോയതാണ് നടനെതിരെ പരാതി നല്‍കാനുള്ള പ്രധാന കാരണമെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article