'സ്‌നേഹ സീമ'യില്‍ അധികം നാള്‍ താമസിക്കാന്‍ കഴിയാതെ ശരണ്യയുടെ മടക്കം; നിശബ്ദമായി പുതിയ വീട്

Webdunia
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (16:57 IST)
ഏറെ ആഗ്രഹത്തോടെ പണികഴിപ്പിച്ച പുതിയ വീട്ടില്‍ കൊതി തീരുംവരെ താമസിക്കാനുള്ള ഭാഗ്യം ശരണ്യയ്ക്ക് ഉണ്ടായില്ല. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് ശരണ്യ പുതിയ വീട്ടില്‍ താമസം ആരംഭിച്ചത്. ഗൃഹപ്രവേശനത്തിന്റെ വാര്‍ത്ത ഏറെ സന്തോഷത്തോടെ ശരണ്യ പങ്കുവച്ചിരുന്നു. 
 
ശരണ്യയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ കൈകോര്‍ത്താണ് വീട് നിര്‍മിച്ചു നല്‍കിയത്. സ്വന്തമായി ഒരു വീട് വേണമെന്നത് ശരണ്യയുടെ വലിയ സ്വപ്‌നമായിരുന്നു. ആയിരം സ്‌ക്വയര്‍ ഫീറ്റുള്ള വീട് പണിയാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍, ശരണ്യയെ സ്നേഹിക്കുന്ന അമേരിക്കയിലുള്ള രണ്ട് കുടുംബങ്ങളാണ് ശരണ്യയ്ക്ക് അല്‍പം കൂടി വലിയ വീട് വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതും അതിനായുള്ള പണം നല്‍കുന്നതും. അങ്ങനെയാണ് 1400 സ്‌ക്വയര്‍ ഫീറ്റുള്ള വീട് ഒരുങ്ങിയത്. നടി സീമ ജി നായരാണ് ശരണ്യയുടെ വീട് നിര്‍മാണത്തിനൊപ്പം താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത്. 
 
സിനിമ കരിയറിന്റെ തുടക്കത്തിലാണ് ബ്രെയ്ന്‍ ട്യൂമര്‍ ശരണ്യയെ തേടിയെത്തുന്നത്. സീരിയലുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ശരണ്യ ചാക്കോ രണ്ടാമനിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12 തുടങ്ങിയ സിനിമകളിലും ശരണ്യ അഭിനയിച്ചു. അപ്പോഴാണ് തുടര്‍ച്ചയായി ശരണ്യയ്ക്ക് തലവേദന വരാന്‍ തുടങ്ങിയത്. ശക്തമായ തലവേദനയുടെ കാരണം എന്താണെന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു. തലവേദന സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് ഡോക്ടറെ കാണിക്കുന്നത്. വിട്ടുമാറാത്ത തലവേദനയുടെ കാരണം ബ്രെയ്ന്‍ ട്യൂമറാണെന്ന് അറിയാന്‍ അല്‍പ്പം വൈകി. എങ്കിലും പ്രതീക്ഷകള്‍ കൈവിടാതെ ശരണ്യ ജീവിതത്തില്‍ പിടിച്ചുനിന്നു. 11 തവണയാണ് ബ്രെയ്ന്‍ ട്യൂമറിനുള്ള മേജര്‍ സര്‍ജറിക്ക് ശരണ്യ വിധേയയായത്. ഇതിനിടയില്‍ സംഭവിച്ച വിവാഹമോചനവും ശരണ്യയെ മാനസികമായി തളര്‍ത്തി. 
 
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശരണ്യയുടെ അന്ത്യം. ബ്രെയ്ന്‍ ട്യൂമര്‍ തുടര്‍ ചികില്‍സയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയായിരുന്നു. 
 
മേയ് 23 നാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായപ്പോള്‍ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10 ന് കോവിഡ് നെഗറ്റീവ് ആയി. എന്നാല്‍, അന്ന് തന്നെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുകയും പനി കൂടുകയും ചെയ്തു. 2012 ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് തിരിച്ചറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article