നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി നടി ഖുശ്ബു സുന്ദര്‍. സാമന്തയുടെ വ്യക്തി ജീവിതം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതില്‍ മന്ത്രി മാപ്പ് പറയണമെന്നും തെറ്റായ പ്രസ്താവന തിരുത്തണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. സമാന്തയെ അപകീര്‍ത്തിപ്പെടുത്താനാണ് സുരേഖ ശ്രമിച്ചതെന്നും ഖുശ്ബു എക്സിലൂടെ തുറന്നടിച്ചു.
'2 മിനിറ്റ് ലഭിക്കുന്ന പ്രശസ്തിക്കായി യെല്ലോ ജേര്‍ണലിസത്തില്‍ മുഴുകിയിരിക്കുന്നവരായിരിക്കും ഇത്തരത്തില്‍ സംസാരിക്കുകയുള്ളൂവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ലെന്ന് എനിക്ക് മനസിലായി. മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന സ്ത്രീത്വത്തിന് തികഞ്ഞ അപമാനമാണ്. ഉത്തരവാദിത്വത്തിലിരിക്കുന്ന ഒരാള്‍ക്ക് ഇത്രയും തരംതാണ രീതിയില്‍ പ്രസ്താവനകള്‍ നടത്താന്‍ സാധിക്കില്ല. ഇത്തരം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങള്‍ നടത്തിയ നിങ്ങള്‍ മാപ്പ് പറയണം. ഇന്ത്യയിലെ ജനാധിപത്യം വണ്‍വേ ട്രാഫിക്കല്ല', ഖുശ്ബു പറഞ്ഞു.
മയക്കുമരുന്ന് മാഫിയയാണ് കെടിആര്‍ എന്നും അവരുമായുണ്ടായ ബന്ധവും തര്‍ക്കവുമാണ് സമാന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണമെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത് എന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നാഗാര്‍ജുനയും സമാന്തയും രംഗത്ത് വരികയും ചെയ്തു.