ഞാൻ 9 മണിക്ക് എത്തുന്നത് കൊണ്ടാണ് പടം പൊട്ടിയത്, എന്നാൽ ഹീറോ 6 മണിക്കെത്തുന്ന സിനിമയോ?, മുരുകദോസിനെ കുടഞ്ഞ് സൽമാൻ ഖാൻ
തമിഴകത്ത് ഗജിനി, തുപ്പാക്കി തുടങ്ങി ഒട്ടനേകം വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ബോളിവുഡില്‍ ഗജിനിയുടെ റീമേയ്ക്ക് ഒരുക്കിയപ്പോള്‍ അത് വന്‍ വിജയമാക്കി മാറ്റാനും മുരുഗദോസിന് സാധിച്ചിരുന്നു. സല്‍മാന്‍ ഖാനൊപ്പം സിക്കന്ദര്‍ എന്ന സിനിമയാണ് മുരുഗദോസ് അവസാനമായി ഒരുക്കിയത്. സിനിമ ബോക്‌സോഫീസില്‍ വലിയ പരാജയമായി മാറിയതിന് പിന്നാലെ സിനിമ ഒരുക്കാനുള്ള തന്റെ പരിമിതികളെ പറ്റി മുരുഗദോസ് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.
സിനിമയിലെ നായകനായ സല്‍മാന്‍ ഖാന് സുരക്ഷാപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ സല്‍മാന്‍ ഖാന്റെ രംഗങ്ങള്‍ രാത്രി 9ന് ശേഷമാണ് ചെയ്തിരുന്നതെന്നും ഇത് സിനിമയെ നല്ല രീതിയില്‍ ബാധിച്ചിരുന്നതായും മുരുഗദോസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹിന്ദി ബിഗ്‌ബോസില്‍ കൊമേഡിയന്‍ രവി ഗുപ്ത വന്ന സമയത്ത് ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് സല്‍മാന്‍. സിക്കന്ദര്‍ ചെയ്തതില്‍ പലരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സിനിമയുടേത് മികച്ച പ്ലോട്ട് ആയിരുന്നുവെന്ന് സല്‍മാന്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മുരുഗദോസിന്റെ പ്രതികരണങ്ങളില്‍ സല്‍മാന്‍ മനസ് തുറന്നത്.
ഞാന്‍ സെറ്റില്‍ രാത്രി 9നാണ് എത്തിയിരുന്നത്. അത് സിനിമയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയെന്നാണ് ഡയറക്ടര്‍ സാര്‍ പറഞ്ഞത്. പക്ഷേ എന്റെ വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നു. സിക്കന്ദര്‍ കഴിഞ്ഞ് ഡയറക്ടര്‍ സാറിന്റെ മറ്റൊരു സിനിമ പുറത്തിറങ്ങിയിരുന്നു. അതിലെ നായകന്‍ 6 മണിക്കെ സെറ്റില്‍ വരുന്നയാളും.മദ്രാസി ഇപ്പോള്‍ സിക്കന്ദറിനേക്കാള്‍ വലിയ വിജയമാണ്. പരിഹാസരൂപേണ സല്‍മാന്‍ പറഞ്ഞു.