'സൽമാൻ ഖാൻ ഗുണ്ട, വൃത്തികെട്ട മനുഷ്യൻ; എതിർത്താൽ ജീവിതം നശിപ്പിക്കും'; നടനെതിരെ ദബാംഗ് സംവിധായകൻ

നിഹാരിക കെ.എസ്

തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (13:40 IST)
ബോളിവുഡ് നടൻ സൽമാൻ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ അഭിനവ് കശ്യപ്. പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപിന്റെ സഹോദരൻ കൂടിയായ അഭിനവ് സംവിധാനം ചെയ്ത ചിത്രമാണ് ദബാംഗ്. സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദബാംഗ് പതിനഞ്ച് വർഷം പിന്നിടുകയാണ്.
 
സൽമാന്റെ കുടുംബം പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നവരാണെന്നും രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള അവസരവും മറ്റ് പല സിനിമകൾ സംവിധാനം ചെയ്യാനുള്ള അവസരങ്ങളും തന്നിൽ നിന്നും തട്ടിയകറ്റിയെന്നുമാണ് അഭിനവ് കശ്യപ് പറയുന്നത്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അഭിനവ് കശ്യപിന്റെ പ്രതികരണം.
 
'സൽമാൻ ഖാൻ ഒന്നിലും ഇടപെടില്ല. അഭിനയത്തിൽ പോലും താൽപര്യമില്ല. കഴിഞ്ഞ 25 വർഷമായി അങ്ങനെയാണ്. ജോലിക്ക് വരുന്നത് തന്നെ അനുഗ്രഹമായിട്ടാണ്. താരമായിരിക്കുന്നതിന്റെ അധികാരത്തിലാണ് അഭിനയത്തിലല്ല അദ്ദേഹത്തിന് താൽപര്യം. അയാൾ ഒരു ഗുണ്ടയാണ്. ദബാംഗിന് മുമ്പ് എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. സൽമാൻ മര്യാദയില്ലാത്ത, വൃത്തികെട്ട മനുഷ്യനാണ്'' എന്നാണ് അഭിനവ് കശ്യപ് പറയുന്നത്.
 
സൽമാൻ ഖാന്റെ കുടുംബത്തിന് ബോളിവുഡിൽ വലിയ സ്വാധീനമുണ്ടെന്നും പലരുടേയും തീരുമാനങ്ങളെ നിയന്ത്രിക്കാൻ അവർക്ക് സാധിക്കുമെന്നും അഭിനവ് പറയുന്നുണ്ട്. തങ്ങളെ എതിർക്കുന്നവർക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ''അവർ പ്രതികാരബുദ്ധിയുള്ളവരാണ്. എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. അവരെ അംഗീകരിച്ചില്ലെങ്കിൽ നിങ്ങളുടെ പിന്നാലെ വരും'' എന്നാണ് അദ്ദേഹം പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍