മഹേഷ് നാരായണൻ ബോളിവുഡിലേക്ക്; മമ്മൂട്ടി-മോഹൻലാൽ സിനിമ ഇനിയും വൈകും?

നിഹാരിക കെ.എസ്

ശനി, 31 മെയ് 2025 (10:10 IST)
ടേക്ക് ഓഫ്, സി യു സൂൺ, മാലിക് തുടങ്ങിയ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച ആളാണ് മഹേഷ് നാരായണൻ. മമ്മൂട്ടി-മോഹൻലാൽ കോംബോ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. മമ്മൂട്ടിയുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി സിനിമ കുറച്ച് നാളത്തേക്ക് ബ്രേക്കിൽ ആയിരുന്നു. 
 
ഇപ്പോഴിതാ, മഹേഷ് നാരായണൻ മറ്റൊരു സിനിമയുടെ അണിയറ പ്രവർത്തനത്തിലാണെന്ന് സൂചന. മുൻപ് ഹിന്ദി സിനിമകളിലും എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള മഹേഷ് നാരായണൻ ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.  സൽമാൻ ഖാന്‍ നായകനായെത്തുന്ന ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിൽ വച്ച് സൽമാൻ ഖാനോട് മഹേഷ് നാരായണൻ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.
 
ചിത്രത്തിന്റെ ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും, കഥയുടെ പ്രമേയം നടന് ഇഷ്ടമായെന്നും വരും മാസങ്ങളിൽ ഒരു പൂർണമായ തിരക്കഥ കേൾക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സൽമാന്റെ സഹോദരി അൽവിര ഖാൻ അഗ്നിഹോത്രി ആകും ഈ പ്രൊജക്ട് ഒരുക്കുന്നത്. ഇവരുടെ തന്നെ റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും സിനിമ നിർമിക്കുന്നത്.  
 
മഹേഷ് നാരായണന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ നിർമാണ ചെലവ് വരുന്ന സിനിമയാകുമിതെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. സൽമാൻ-മഹേഷ് നാരായണൻ സിനിമ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ സിനിമ ഇനിയും വൈകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ, സൽമാൻ ഖാൻ ചിത്രം ഉടൻ സംഭവിക്കില്ലെന്നും ഒരു വർഷം കഴിഞ്ഞായിരിക്കും ഷൂട്ടിങ് എന്നുമിരിക്കെ മമ്മൂട്ടി-മോഹൻലാൽ സിനിമയ്ക്ക് ഒരു തടസ്സമാകില്ലെന്നാണ് റിപ്പോർട്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍