വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പ്രൊജക്റ്റ് വലിയ ആകാംക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത്. എംഎംഎംഎൻ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. എംഎംഎംഎന്നിന്റെ ദില്ലി ഷെഡ്യൂളിൽ ഒടുവിൽ മോഹൻലാൽ ജോയിൻ ചെയ്‍തു എന്നായിരുന്നു അടുത്തിടെയുണ്ടായ പുതിയ അപ്‍ഡേറ്റ്. മിക്കവാറും മെയ്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രൂത്ത് ഗ്ലോബൽ ഫിലിംസിനാണ് വിദേശത്തെ തിയറ്റർ റൈറ്റ്‍സ് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ സംവിധായകനായിട്ടുള്ള ചിത്രത്തിന്റെ തിയറ്റർ റൈറ്റ്സ് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന തുകയ്‍ക്കാണ് വിറ്റുപോയത് എന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ടാകും.
ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവർത്തകർക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോർട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തിൽ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോർട്ടനുസരിച്ച് സംഭവിച്ചാൽ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.