അഖില്‍ അക്കിനേനി നായകനായെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. മമ്മൂട്ടി പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തിയ ചിത്രം 2023ലായിരുന്നു തിയേറ്ററുകളിലെത്തിയത്. രണ്ട് വർഷത്തോളമായെങ്കിലും ഇതുവരെ സിനിമ ഒ.ടി.ടിയിൽ റിലീസ് ആയിരുന്നില്ല. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ചിത്രം സോണിലിവിലൂടെ ഒടിടിയിലെത്തുന്നത്. മാര്‍ച്ച് 14നാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ്.
സ്‌പൈ - ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിരുന്നില്ല. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മമ്മൂട്ടി റോ ചീഫ് കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ റിക്കിയ്ക്കായി വമ്പന്‍ മേക്കോവറായിരുന്നു അഖില്‍ അക്കിനേനി നടത്തിയത്.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനമുയര്‍ന്നില്ലെങ്കിലും കഥാപാത്രസൃഷ്ടിയും സന്ദര്‍ഭങ്ങളും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പല സീനുകളും മീമായും ട്രോളായുമായിരുന്നു കൂടുതല്‍ വൈറലായത്. മലയാളത്തിൽ മികച്ച നിൽക്കുമ്പോൾ എന്തിനാണ് മമ്മൂട്ടി തെലുങ്കിൽ പോയി ഇത്തരമൊരു വേഷം ചെയ്തതെന്ന് പലരും ചോദ്യമുയർത്തിയിരുന്നു.