ഒളിഞ്ഞിരിക്കുന്നത് മമ്മൂട്ടിയോ? എമ്പുരാനില്‍ വന്‍ സര്‍പ്രൈസിനു സാധ്യത

രേണുക വേണു

തിങ്കള്‍, 3 മാര്‍ച്ച് 2025 (09:18 IST)
എമ്പുരാനില്‍ തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരവും. ലൂസിഫറിന്റെ മൂന്നാം ഭാഗത്തേയ്ക്കുള്ള ലീഡ് എമ്പുരാന്റെ ക്ലൈമാക്‌സില്‍ ഉണ്ടാകും. ഇതുവരെ വെളിപ്പെടുത്താത്ത തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരത്തിന്റെ കഥാപാത്രത്തിലൂടെയായിരിക്കും മൂന്നാം ഭാഗത്തേയ്ക്കുള്ള ലീഡ് നല്‍കുക. എന്നാല്‍ ആ കഥാപാത്രം ചെയ്യുന്നത് ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 
 
എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ഇതിനോടകം അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി കഴിഞ്ഞു. എമ്പുരാന്‍ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍താരത്തെ മാത്രമാണ് ഇതുവരെ പരസ്യമാക്കാത്തത്. ലൂസിഫര്‍ മൂന്നാം ഭാഗത്ത് മമ്മൂട്ടി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എമ്പുരാന്റെ ക്ലൈമാക്‌സില്‍ മമ്മൂട്ടിയുടെ ശബ്ദമോ സാന്നിധ്യമോ കാണാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടി എമ്പുരാനില്‍ ഉണ്ടോ എന്ന ചോദ്യത്തിനു രണ്ടാമതൊന്ന് ചിന്തിക്കാതെ ഉറപ്പിച്ച് 'നോ' പറയാന്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്കും സാധിച്ചിട്ടില്ല. 
 
മാര്‍ച്ച് 27 നാണ് വേള്‍ഡ് വൈഡായി എമ്പുരാന്‍ തിയറ്ററുകളിലെത്തുക. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സംവിധായകന്‍ പൃഥ്വിരാജും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍