MMMN Movie: മഹേഷ് നാരായണൻ സിനിമ: മമ്മൂട്ടി-നയൻസ് കോംബിനേഷൻ സീനുകൾ തുടങ്ങി, ചിത്രങ്ങൾ പുറത്തുപോകാതിരിക്കാൻ അതീവ സുരക്ഷ

നിഹാരിക കെ.എസ്

ബുധന്‍, 5 ഫെബ്രുവരി 2025 (13:36 IST)
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചു. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂൾ ആണിത്. നയൻതാരയും മമ്മൂട്ടിയും ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ആണ് കൊച്ചിയിൽ ഷൂട്ട് ചെയ്യുന്നത്. ഒരാഴ്ചയോളം കൊച്ചിയിൽ ഷൂട്ടിങ് ഉണ്ടാകും. ചിത്രങ്ങൾ പുറത്തുപോകാതിരിക്കാൻ അതീവ സുരക്ഷയാണ് സെറ്റിൽ ഒരുക്കിയിരിക്കുന്നത്. 
 
ഇതിനുമുൻപ് തസ്കരവീരൻ, രാപ്പകൽ, പുതിയ നിയമം, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചെത്തിച്ചിട്ടുണ്ട്. ഹിറ്റ് കോംബോ തന്നെയാണിത്. ഗോൾഡിന് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയായ ശേഷം ഡൽഹിയിലാണ് അടുത്ത ഷെഡ്യൂൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം കൊച്ചിയിൽ വീണ്ടും ആരംഭിക്കുന്ന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും. ഏപ്രിലിൽ ആയിരിക്കും മോഹൻലാലിന്റെ ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക. മോഹൻലാലിന്റേത് സുപ്രധാന കാമിയോ റോൾ തന്നെയായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ കാലത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുകയാണ്. 150 ദിവസത്തെ ചിത്രീകരണം പ്ലാൻ ചെയ്യുന്ന ചിത്രം ലണ്ടൻ, തായ്‌ലൻഡ്, ഹൈദരാബാദ് എന്നിവടങ്ങളിലും ഷൂട്ട് ചെയ്യും. പ്രധാന താരങ്ങളെ കൂടാതെ ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, രഞ്ജി പണിക്കർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഏകദേശം 100 കോടിയോളം മുതല്മുടക്കുണ്ടെന്നാണ് സൂചന.  
 
ശ്രീലങ്കയിൽ നടന്ന ആദ്യ ഷെഡ്യൂളിൽ രണ്ട് ദിവസം മാത്രമാണ് മോഹൻലാൽ ഭാഗമായത്. പിന്നീട് അസർബൈജാനിൽ നടന്ന ഷെഡ്യൂളിൽ മോഹൻലാൽ ഭാഗമായിട്ടില്ല. കൊച്ചിയിൽ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിലും ലാൽ ഉണ്ടാകില്ല. 20 മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള കഥാപാത്രമായിരിക്കും ലാലിന്റേതെന്നാണ് ഇതിൽ നിന്നു ലഭിക്കുന്ന സൂചന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍