'ഡേറ്റിങ് ആപ്പിൽ ഉണ്ട്, പക്ഷേ സിംഗിളാണ്': മുൻകാമുകൻമാരുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് പാർവതി

നിഹാരിക കെ.എസ്

ബുധന്‍, 5 ഫെബ്രുവരി 2025 (09:25 IST)
താൻ ഇപ്പോൾ സിംഗിൾ ആണെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. സിനിമാ രംഗത്ത് ടെക്‌നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. എന്നാൽ കുറെ നാളുകളായി സിംഗിളാണ്. മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഡേറ്റിങ് ആപ്പിലുണ്ടെങ്കിലും താൻ സിംഗിൾ ആണെന്നാണ് പാർവതി പറയുന്നത്.
 
'സിനിമാ രംഗത്ത് ടെക്‌നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ. പലരുമായും ഞാൻ ഇപ്പോഴും സംസാരിക്കാറുണ്ട്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം, ഞാൻ സന്തോഷവതിയാണ്. 
 
ചിലപ്പോൾ ഒറ്റപ്പെടൽ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. മനുഷ്യരുടെ സ്പർശമില്ലാതെ നമ്മൾ കടന്നു പോകുന്ന ദിവസങ്ങളുണ്ടല്ലോ. അത് ന്യായരഹിതമാണ്. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്, ഏകദേശം മൂന്നര വർഷത്തോളമായി. നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കൾ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ ഡേറ്റിങ് ആപ്പുകളിലുണ്ട്.
 
ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്‌പെൻഡ് ചെയ്തുവയ്ക്കും. ചിലരുടെ ബയോ വായിച്ചാൽ കഥയെഴുതാം. പക്ഷേ, അവരെ താഴ്ത്തി കാണുകയല്ല, ചിലപ്പോൾ ഞാനും അങ്ങനെ ബയോ വയ്ക്കാറുണ്ട്. ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. പക്ഷേ, എനിക്ക് പഴയ രീതിയിൽ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകൾ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം', എന്നാണ് പാർവതി പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍