'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി

രേണുക വേണു

ശനി, 7 മാര്‍ച്ച് 2026 (12:30 IST)
mammotty
കേരള വികസനത്തിന്റെ വലിയ മുന്നേറ്റമായ പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കുവെച്ച് നടൻ മമ്മൂട്ടി. വർഷങ്ങളായി കാത്തിരുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് അറുതിയാവുകയാണെന്നും ഇത് വെറുമൊരു വികസനമല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനമാണെന്നും മമ്മൂട്ടി പറഞ്ഞു. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനമെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
 
മമ്മൂട്ടിയുടെ വാക്കുകൾ
 
"രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്... ദൂരമല്ല... ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ... സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ... ഒരു വിവാഹാലോചന വന്നാൽ പോലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.

എന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ... ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും... പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!" എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ.


ആറര കിലോമീറ്റർ നീളവും രണ്ടുകിലോമീറ്റർ വീതിയുമുള്ള വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപാണ് പെരിമ്പളം ദ്വീപ്. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍