തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. അടിമുടി പാളി പോയ സിനിമയ്ക്ക് മുടക്കുമുതലിന്റെ പകുതി പോലും നേടാനായില്ല. ഇപ്പോഴിതാ സിനിമ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്.
ഫെബ്രുവരി ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്.
രാം ചരൺ നായകനായി നിറഞ്ഞാടിയപ്പോൾ കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.