Veer Savarkar: സവര്‍ക്കറാകാനായി അച്ഛന്റെ സ്വത്ത് വിറ്റു, 60 കിലോയോളം ഭാരം കുറച്ചു, ആരും പിന്തുണയ്ക്കുന്നില്ല, ഹൃദയം തകര്‍ന്ന് രണ്‍ദീപ് ഹൂഡ

അഭിറാം മനോഹർ
വ്യാഴം, 4 ഏപ്രില്‍ 2024 (09:47 IST)
വീര്‍ സവര്‍ക്കറുടെ ബയോപിക്കായ സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ സിനിമ നിര്‍മിക്കാനായി സ്വത്തുക്കള്‍ വരെ വില്‍ക്കേണ്ടി വന്നതായി സിനിമയുടെ സംവിധായകനും നടനുമായ രണ്‍ദീപ് ഹൂഡ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ പറ്റി താരം മനസ്സ് തുറന്നത്. സിനിമയ്ക്കായി അനവധി ത്യാഗങ്ങള്‍ സഹിച്ചെങ്കിലും വേണ്ടത്ര പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന് രണ്‍ദീപ് ഹൂഡ പറഞ്ഞു.
 
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15നാണ് ഈ സിനിമ റിലീസ് ചെയ്യാനായി ആഗ്രഹിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ ജനുവരി 26ന് റിലീസ് ചെയ്യാന്‍ ആഗ്രഹിച്ചു. സവര്‍ക്കറുടെ കഥാപാത്രത്തിന് വേണ്ടി ഭാരം 60 കിലോയോളം കുറച്ചു. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതിനാല്‍ വളരെക്കാലം ഈ ഭാരത്തീലാണ് ജീവിച്ചത്. ശരിയായ ഭക്ഷണമില്ലാതെ വെള്ളവും കട്ടന്‍ കാപ്പിയും ഗ്രീന്‍ ടീയും കുടിച്ചാണ് സിനിമ ചെയ്തത്. ഇത് ഉറക്കപ്രശ്‌നങ്ങളിലേക്ക് നയിച്ചു. ക്ഷീണം കാരണം സെറ്റില്‍ വീണുപോയിട്ടുണ്ട്. കുതിരപ്പുറത്ത് കേറുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റതും ലിഗമെന്റുകള്‍ക്ക് പ്രശ്‌നമുണ്ടായതായും രണ്‍ദീപ് പറഞ്ഞു.
 
ഞാന്‍ എന്റെ എല്ലാ ശ്രമങ്ങളും നടത്തി. അതിലേക്ക് പക്ഷേ അത് നടന്നില്ല. സിനിമയുമായി ബന്ധപ്പെട്ട നിര്‍മാതാക്കളുടെ ടീമിന് ഒരു നല്ല നിലവാരമുള്ള സിനിമ നിര്‍മിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ഒരു സിനിമ ചെയ്യണമെന്നേ അവര്‍ക്കുണ്ടായിരുന്നുള്ളു. ഞാന്‍ ഒരു സംവിധായകനായി മാറിയപ്പോള്‍ ആ നിലവാരം മതിയായിരുന്നില്ല. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അച്ഛന്റെ മുംബൈയിലെ ചില സ്വത്തുക്കള്‍ സിനിമയ്ക്കായി വില്‍ക്കേണ്ടി വന്നു. ഇത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചിട്ടും സിനിമയ്ക്ക് അര്‍ഹമായ പിന്തുണ ലഭിച്ചില്ല. രണ്‍ദീപ് ഹൂഡ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article