മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് ദേവയാനി. തമിഴിൽ തിളങ്ങി നിന്ന സമയത്താണ് ദേവയാനി മലയാളത്തിലും അഭിനയിക്കാനെത്തിയത്. പിന്നീട് മലയാളികളുടെയും മനം കീഴടക്കി. സംവിധായകൻ രാജകുമരനാണ് ദേവയാനിയെ വിവാഹം ചെയ്തത്. കാണുമ്പോൾ പൂവ് പോലൊരു പെണ്ണാണ് ദേവയാനിയെന്ന് തോന്നുമെങ്കിലും ആഞ്ഞടിച്ചാൽ നാല് ടൺ വെയിറ്റാണെന്ന് രാജകുമരൻ പറയുന്നു. കഴിഞ്ഞ ദിവസം വീര തമിഴച്ചി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വീര തമിഴച്ചി വൻ വിജയമായി മാറാൻ എന്റെ ആശംസകൾ. സിനിമയുടെ ഭാഗമായ എല്ലാ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. നിറയെ സ്ത്രീകൾ ഈ സിനിമയുടെ ഭാഗാമാണെന്ന് ഞാൻ മനസിലാക്കുന്നു. സ്ത്രീകൾക്ക് അടിക്കുന്ന കാര്യത്തിൽ ട്രെയിനിങ് ആവശ്യമില്ലെന്നത് എനിക്ക് അറിയാം. അവർ അടിച്ചാൽ നമുക്ക് താങ്ങാനും കഴിയില്ലെന്നത് എനിക്ക് മനസിലായി. അവർ നമ്മളെ അടിക്കാത്ത കാലം വരെയാണ് നമ്മൾ നന്നായി ഇരിക്കുക.
ഈ പ്രായത്തിന് ഇടയിൽ ഞാൻ മനസിലാക്കിയ കാര്യമാണിത്. ഒരുപാട് സ്ത്രീകളുടെ കയ്യിൽ നിന്നും ഞാൻ അടി വാങ്ങിയിട്ടുണ്ട്. എന്റെ അമ്മയെപ്പോലെ കരുത്തുറ്റ സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല. എല്ലാ സാഹചര്യങ്ങളിലൂടെയും അവർ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ ദേവയാനിയെ കാണുമ്പോൾ നിങ്ങൾക്ക് പുഷ്പം പോലൊരു പെണ്ണായി തോന്നും.
എന്നാൽ ദേവയാനി ആഞ്ഞടിച്ചാൽ ഒന്നും രണ്ടും അല്ല മൂന്നും നാലും ടൺ വെയിറ്റാണ്. ദേവയാനി അത്രയധികം ആത്മവിശ്വാസവും ധൈര്യവുമുള്ള നടിയാണ്. അങ്ങനെ ഒരു ഭയങ്കരമായ പെണ്ണിനെ ഞാൻ അവളിൽ കണ്ടിട്ടുണ്ട്. ആത്മവിശ്വാസമുള്ള ദേവയാനി കുടുംബത്തിന് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും സൗമ്യമായി നമ്മളോട് പെരുമാറുകയാണ്', രാജകുമരൻ പറഞ്ഞു.