സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തിട്ടും നടി ദിവ്യ ഉണ്ണിയെ വിടാതെ പിന്തുടരുന്ന ചില ആരോപണങ്ങളുണ്ട്. അന്തരിച്ച നടൻ കലാഭവൻ മണിയുമായി ബന്ധപ്പെട്ടവയാണ് അത്. കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞെന്നതായിരുന്നു അതിലൊന്ന്.
നായികയായി അരങ്ങേറിയ കല്യാണ സൌഗന്ധികത്തിലെ ഒരു ഗാനരംഗത്തിൽ കലാഭവൻ മണിക്കൊപ്പമുള്ള പ്രണയരംഗം ഉള്ളതിനാൽ അതിൽ അഭിനയിക്കില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞു എന്നായിരുന്നു ഇക്കാലമത്രെയും പ്രചരിച്ചിരുന്നത്. മറ്റൊന്ന് വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയാവാൻ താനില്ലെന്ന നിലപാട് എടുത്തുവെന്നും.
സമീപകാലത്തും സമൂഹമാധ്യമങ്ങളിലൂടെ ഈ ആരോപണങ്ങളിൽ ദിവ്യ ഉണ്ണി വിമർശിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്ട് ചിത്രങ്ങളുടെയും സംവിധായകനായ വിനയൻ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാൾ ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ പറയുന്നു.
കല്യാണ സൌഗന്ധികത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇന്നലെ വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിൽ ഒരു ആരാധകൻറെ സംശയത്തിലാണ് വിനയൻ മറുപടി നൽകിയിരിക്കുന്നത്. കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്ന് ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ എന്നായിരുന്നു ചോദ്യം. അതിന് വിനയൻറെ മറുപടി ഇങ്ങനെ...
അത് ഈ സിനിമ അല്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റൻറ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടൻറെ കൂടെ ഞാനല്ല, എൻറെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇൻറർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.
ദീലീപിൻറെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു. കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു.
വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിൻറെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്..