Kalabhavan Mani Divya Unni Issue: 'ഇത്രയും കറുപ്പുള്ള ആളെ എനിക്ക് വേണ്ട, എന്റെ മുറച്ചെറുക്കന്‍ വെളുത്ത് സുന്ദരനായിരിക്കണം': വിവാദ സംഭവത്തിൽ കലാഭവന്‍ മണി അന്ന് പറഞ്ഞത്

നിഹാരിക കെ.എസ്

ചൊവ്വ, 15 ജൂലൈ 2025 (09:10 IST)
ചില ഗോസിപ്പുകൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും അവസാനിക്കില്ല. അത്തരത്തിലൊന്നാണ് കലാഭവൻ മണി-ദിവ്യ ഉണ്ണി വിഷയം. മണിക്കൊപ്പം അഭിനയിക്കാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നായിരുന്നു പഴയ മാസികകളിലൊക്കെ പ്രചരിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാര്‍ത്തയുടെ പേരില്‍ ദിവ്യ ഉണ്ണി ക്രൂശിക്കപ്പെടുന്നുണ്ട്. പക്ഷെ അതിനോടൊന്നും പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ദിവ്യ ഉണ്ണി ഈയ്യടുത്തൊരു അഭിമുഖത്തില്‍ പറഞ്ഞത്.
 
എന്നാല്‍ അന്ന് നടന്നത് എന്തെന്ന് ഒരിക്കല്‍ കലാഭവന്‍ മണി തന്നെ തുറന്ന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ മണി മനസ് തുറന്നത്. ചില നടിമാര്‍ തങ്ങളുടെ നായകനായി ആരാണ് അഭിനയിക്കേണ്ടതെന്നതില്‍ മുന്‍ധാരണകളുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കലാഭവന്‍ മണി. മണിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും ശ്രദ്ധേയമാകുന്നു.
 
അങ്ങനൊന്നും മലയാള സിനിമയില്‍ ഇല്ല. ചോദിക്കുന്ന പ്രതിഫലം കൊടുത്താല്‍ പിന്നെ അവര്‍ക്ക് അഭിനയിക്കുന്നതില്‍ എന്താണ് കുഴപ്പം? അവരുടെ തൊഴിലല്ലേ. ഇത് ചുമ്മാ ഒരോ കരക്കമ്പി ഇറക്കുന്നതാണെന്നായിരുന്നു കലാഭവന്‍ മണിയുടെ പ്രതികരണം. പിന്നാലെയാണ് താരം ദിവ്യ ഉണ്ണിയെക്കുറിച്ചു സംസാരിക്കുന്നത്.
 
''ഒരു സംഭവമുണ്ടായിട്ടുണ്ട്. മാസികയിലൊക്കെ എഴുതി വന്നിരുന്നു. അതൊരു തമാശയായിരുന്നു. കല്യാണസൗഗന്ധികം ആണ് സിനിമ. ദിലീപാണ് നായകന്‍. ഞാന്‍ ദുബായില്‍ നിന്നും വരുന്ന കഥാപാത്രമാണ്. ദിവ്യ ഉണ്ണിയുടെ ആദ്യത്തെ സിനിമയാണ്. ദിവ്യ ഉണ്ണി വിനയന്‍ സാറിനോട് പോയി ആരാ സാറേ എന്റെ മുറച്ചെറുക്കനായി അഭിനയിക്കുന്നത് എന്ന് ചോദിച്ചു. കലാഭവന്‍ മണിയാണെന്ന് സാര്‍ പറഞ്ഞു. അയ്യേ എനിക്കൊന്നും വേണ്ട. ഇത്രയും കറുപ്പുള്ള ആളെയൊന്നും എനിക്ക് വേണ്ട. എന്റെ മുറച്ചെറുക്കന്‍ വെളുത്ത് സുന്ദരനായിരിക്കണം എന്ന് ദിവ്യ ഉണ്ണി പറഞ്ഞു'' കലാഭവന്‍ മണി പറയുന്നു.
 
''കുട്ടി, ഇത് സിനിമയല്ലേ, കഥാപാത്രമല്ലേ എന്ന് വിനയന്‍ സാര്‍ പറഞ്ഞു. അത് പറ്റില്ല. എനിക്ക് വെളുത്ത ചെറുക്കന്‍ തന്നെ വേണം മുറച്ചെറുക്കനായി എന്ന് ദിവ്യ ഉണ്ണിയും പറഞ്ഞു. ദിവ്യ ഉണ്ണി അത് പറഞ്ഞില്ലേലെ അതിശയമുള്ളൂ. എന്റെ കോലം കാണണമായിരുന്നു. ഈ മോന്ത കണ്ടാല്‍ ആരാണ് അങ്ങനെ പറയാത്തത്'' എന്നും കലാഭവന്‍ മണി പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍