തമിഴകത്ത് മാത്രമല്ല ഒരുകാലത്ത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ബ്രഹ്മാണ്ഡ സിനിമ എന്തെന്ന് കാണിച്ച് തന്ന സംവിധായകനാണ് ശങ്കര്‍. എന്നാല്‍ കാലം മാറിയതിനനുസരിച്ച് തന്റെ സിനിമാരീതി മാറ്റാനോ വ്യത്യസ്തമായ കഥകള്‍ പരീക്ഷിക്കാനോ ശങ്കര്‍ തയ്യാറായില്ല. അടുത്തിടെ ഇറങ്ങിയ ശങ്കര്‍ സിനിമയായ ഇന്ത്യന്‍ 2 ഇതോടെ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഒടുവില്‍ പുറത്തിറങ്ങിയ രാം ചരണ്‍ സിനിമയായ ഗെയിം ചെയ്ഞ്ചറിനും മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇപ്പോഴിതാ ശങ്കറിനെ പറ്റി തമിഴ് ഫിലിം ജേണലിസ്റ്റായ അന്തനന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2.0 എന്ന സിനിമയ്ക്കിടെ രജനീകാന്തിന് അപമാനം നേരിടേണ്ടി വന്നെന്നും രജിനികാന്ത് ഇനി ശങ്കറിനൊപ്പം സിനിമ ചെയ്യില്ലെന്നുമാണ് അന്തനന്‍ പറയുന്നത്. കൃത്യമായി ഷൂട്ടിങ്ങിനെത്തുന്ന ആളാണ് രജനീകാന്ത്. എന്നാല്‍ ഒരു ദിവസം വൈകിയാണ് സെറ്റിലെത്തിയത്. ശങ്കറിന്റെ ബന്ധുവായ പപ്പു എന്നയാളായിരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്. 7 മണിക്കെത്തേണ്ട രജിനി അരമണിക്കൂര്‍ നേരം വൈകിയാണ് എത്തിയത്. സര്‍ നിങ്ങള്‍ എപ്പോഴും വൈകിയാണോ വരുന്നത്. ഷൂട്ടിങ്ങിന് സമയത്ത് എത്തേണ്ടെ എന്ന് പപ്പു ചോദിച്ചു. രജിനി ചോദ്യം കേട്ട് വല്ലാതെയായി.
ഇത്രയും വര്‍ഷത്തെ സിനിമാകരിയറിയില്‍ ഇങ്ങനെ ഒരു ചോദ്യം രജിനികാന്ത് നേരിട്ടിട്ടില്ല. ധൃതിയില്‍ മേക്കപ്പ് കഴിഞ്ഞ് ഷൂട്ടിന് പോകുന്നതിനിടെ രജിനി വീഴുകയും ചെയ്തു. ഇതൊന്നും കാര്യമാക്കാതെ രജനി ഷൂട്ടിനെത്തി. കാര്യം ശങ്കറിനോട് പറഞ്ഞപ്പോള്‍ ഷൂട്ട് നിര്‍ത്തി. 10 ദിവസം ഷൂട്ട് ഉണ്ടായില്ല. ഇതല്ലാതെ വേറെയും സെറ്റില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടും ഇതെല്ലാം ശങ്കര്‍ കണ്ടില്ലെന്ന് നടിച്ചു. സിനിമയില്‍ 15 കിലോ ഭാരമുള്ള കോസ്റ്റ്യൂമാണ് പ്രായം പോലും നോക്കാതെ രജിനിക്ക് ശങ്കര്‍ നല്‍കിയത്. ഇത്തരം അനുഭവങ്ങള്‍ കാാരണം ഷൂട്ടിന്റെ അവസാന ദിവസം ഇനി ഒരുമിച്ച് സിനിമ ചെയ്യില്ലെന്ന് രജിനി ശങ്കറിനെ അറിയിച്ചെന്നാണ് അന്തനന്‍ പറയുന്നത്.