Marco OTT Release: ആ ഉറപ്പ് പാലിക്കാനായില്ല, മാർക്കോയുടെ ഒടിടി വേർഷൻ അൺകട്ട് വേർഷനല്ല, ഖേദം പ്രകടിപ്പിച്ച് നിർമാതാക്കൾ
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ പ്രധാന ഹിറ്റ് സിനിമകളില്‍ ഒന്നാണ്. വയലന്‍സിന്റെ അതിപ്രസരം കാരണം എ സര്‍ട്ടിഫൈഡായി റിലീസ് ചെയ്തിട്ടും 100 കോടി ബോക്‌സോഫീസില്‍ നിന്നും നേടാന്‍ സിനിമയ്ക്കായിരുന്നു. തിയേറ്റര്‍ വേര്‍ഷനില്‍ സിനിമയുടെ 15 മിനിറ്റോളം ഒഴിവാക്കിയിരുന്നു. ഈ രംഗങ്ങളോടെ ഒടിടിയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ വാലന്റൈന്‍സ് ഡേയില്‍ സിനിമ ഒടിടി റിലീസായപ്പോള്‍ ഈ രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ക്കായില്ല. ഇത് വിശദമാക്കി നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പ്രിയപ്പെട്ട പ്രേക്ഷകരെ..!
ഒടിടി പ്ലാറ്റ്‌ഫോമില്‍ മാര്‍ക്കോ റിലീസിനെത്തുമ്പോള്‍ ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്, എന്നാല്‍, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിങ്ങിന് ലഭിച്ചിട്ടുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തപ്പെട്ട ഒരു സിനിമ നിര്‍മ്മാണ കമ്പനി എന്ന നിലയില്‍, അധികാരപ്പെട്ടവരില്‍ നിന്നുളള ഇത്തരം നിയന്ത്രണങ്ങളും, പരാതികളും, അവരുടെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഞങ്ങള്‍ക്ക് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പ്രേക്ഷകര്‍ സ്വീകരിച്ച മാര്‍ക്കോയുടെ തിയേറ്റര്‍ പതിപ്പ് അതേപടി നിലനിര്‍ത്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.