മലയാള സിനിമയില്‍ ഗായകനായാണ് അരങ്ങേറിയതെങ്കിലും പിന്നീട് നടനായും സംവിധായകനായും പേരെടുത്ത താരമാണ് വിനീത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ വിനീത് ശ്രീനിവാസന്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക ആരാധകര്‍ തന്നെയുണ്ട്. അവസാനമായി വിനീത് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ വിജയിച്ചെങ്കിലും ഒടിടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി മനസ് തുറന്നിരിക്കുകയാണ് വിനീത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടി റിലീസായതിന് ശേഷമുള്ള അനുഭവം വിനീത് പങ്കുവെച്ചത്.
ഒടിടി റിലീസിന് ശേഷം വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ ആദ്യം തനിക്ക് ഒരു ഷോക്കാണ് അനുഭവപ്പെട്ടതെന്ന് വിനീത് പറയുന്നു. കാരണം തിയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടിയ സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. എന്നാല്‍ ഒടിടിയിലേക്ക് വന്നപ്പോള്‍ അലക്ക് കല്ലിലിട്ട് അടിക്കുന്ന പോലെയാണ് തോന്നിയത്. എന്താണ് നടക്കുന്നതെന്ന് ആദ്യ 3-4 ദിവസം മനസിലായില്ല. പിന്നീടാണ് ഫീഡ്ബാക്കിനെ പറ്റിയെല്ലാം കാര്യമായി നോക്കിയത്.
ആളുകള്‍ക്ക് എവിടെയാണ് പ്രശ്‌നം തോന്നിയതെന്ന് ശ്രദ്ധിച്ചു. തിയേറ്ററില്‍ ആളുകള്‍ കുറെക്കൂടെ ഇമോഷണലായാണ് സിനിമ കാണുന്നത്. എന്നാല്‍ കംഫര്‍ട്ട് സ്‌പേസില്‍ സിനിമ കാണുന്നത് അങ്ങനെയല്ല. ആളുകള്‍ കുറേകൂടി അനലറ്റിക്കലായിരിക്കും. അപ്പോള്‍ സിനിമയിലെ തെറ്റുകള്‍ കൂടുതല്‍ കണ്ടെത്താനാകും. വിനീത് ശ്രീനിവാസന്‍ പറഞ്ഞു. 2024ല്‍ ഏപ്രിലില്‍ ആവേശത്തിനൊപ്പമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം റീലീസ് ചെയ്തത്.