സിനിമ കാണാതെ‌യും വിധി വായിക്കാതെയും അഭിപ്രായം പറയരുത്, ചുരുളിക്ക് ഹൈക്കോടതി ക്ലീൻചിറ്റ്

Webdunia
വ്യാഴം, 10 ഫെബ്രുവരി 2022 (19:27 IST)
ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അഭിപ്രായം പറയാൻ എന്ന് പറഞ്ഞ കോടതി വിധി വായിച്ചിട്ട് വേണം അതിനെ പറ്റി അഭിപ്രായം പറയാനെന്നും കോടതി വ്യക്തമാക്കി.
 
ഒരു കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അപ്പുറം സിനിമയിൽ നിയമവിരുദ്ധമായി ദൃശ്യങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്നാണ് എഡിജിപി പത്മകുമാർ സമിതി സിനിമ കണ്ട് വിലയിരുത്തിയത്. ഒടിടി പ്ലാറ്റ്‌ഫോം പൊതുഇടമായി കണക്കാത്തതിനാൽ സിനിമക്കെതിരെ നിയമനടപടി വേണ്ടെന്നും സമിതി റിപ്പോർട്ട് നൽകിയിരുന്നു.
 
സിനിമയിൽ സഭ്യമല്ലാത്ത ഭാഷയും ദൃശ്യങ്ങളുമുണ്ടെന്നും  ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എഡിജിപി പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതി സിനിമ വിലയിരുത്തുകയായിരുന്നു.
 
എഡിജിപി പത്മകുമാറിനെ കൂടാതെ എസ്പി ഡോ. ദിവ്യ ഗോപിനാഥ്, ഡിസിപി ഡോ. നസീം, പൊലീസ് ആസ്ഥാനത്തെ നിയമോപദേശക കെ ആർ സുചിത്ര, വിവ‍ർത്തക ഡി. എസ്. അതുല്യ എന്നിവരും സമിതിയിലുണ്ടായിരുന്നു. ആദ്യമായാണ് ഒരു സിനിമ പ്രദർശന യോഗ്യമാണോയെന്ന് പൊലീസ് കണ്ട് വിലയിരുത്തി കോടതിക്ക് റിപ്പോർട്ട് നൽകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article