Nna Thaan Case Kodu Movie Review: കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' റിവ്യു വായിക്കാം; തിയറ്ററില്‍ പോയി കാണണോ?

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2022 (10:15 IST)
Nna Thaan Case Kodu Movie Review: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. സമകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 
 
ആക്ഷേപഹാസ്യ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സമകാലിക വിഷയങ്ങള്‍ പ്രതിപാധിച്ചാണ് മുന്നോട്ടു പോകുന്നത്. കാസര്‍ഗോഡ് ചീമേനിയില്‍ ആണ് കഥ നടക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ ഒരു കവര്‍ച്ച ശ്രമം നടക്കുന്നതുമായി ബന്ധപെട്ടാണ് കഥ മുന്നോട്ടു പോകുന്നത്. പിന്നീട് ഈ കേസ് പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തുന്നുന്നു.
 
രാജീവന്‍ എന്ന കള്ളന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ ആണ് ആദ്യ പകുതിയുടെ മര്‍മ പ്രധാന ഭാഗങ്ങള്‍. പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതി. പൊലീസ് സ്റ്റേഷന്‍, കോടതി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. കാസര്‍ഗോഡ് ഭാഷയെ കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
 
രണ്ടാം പകുതിയും രസച്ചരട് മുറിയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. രണ്ടാം പകുതിയുടെ അവസാനത്തേക്ക് സിനിമ എത്തുമ്പോള്‍ കൂടുതല്‍ ഗൗരവമുള്ള വിഷയങ്ങളാണ് സിനിമ സംസാരിക്കുന്നത്. പൊതുജനത്തിനുള്ള അവകാശങ്ങളെ കുറിച്ച് വളരെ വ്യക്തമായി സിനിമ സംസാരിക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കണക്കിനു പരിഹസിക്കുന്നിടത്താണ് സിനിമയുടെ വിജയം. 
 
സിനിമയില്‍ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങള്‍ ഒന്ന് കോര്‍ട്ട് റൂം ഡ്രാമയും രണ്ട് കാസ്റ്റിങ്ങുമാണ്. കോടതി രംഗങ്ങളാണ് സിനിമയുടെ നട്ടെല്ല്. ഏറ്റവും ലളിതമായും എന്നാല്‍ പ്രേക്ഷകരുമായി അതിവേഗം സംവദിക്കുന്ന തരത്തിലുമാണ് കോര്‍ട്ട് റൂം സീനുകളെല്ലാം സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വഭാവം നോക്കി അളന്നുമുറിച്ചാണ് ഓരോ അഭിനേതാക്കളെ കാസ്റ്റിങ് ഡയറക്ടര്‍ അതിലേക്ക് കാസ്റ്റ് ചെയ്തിരിക്കുന്നത്. കാസ്റ്റിങ് ഡയറക്ടര്‍ പ്രത്യേകം കയ്യടി അര്‍ഹിക്കുന്നു. 
 
കുഞ്ചാക്കോ ബോബന്‍, രാജേഷ് മാധവ്, ഗായത്രി, മജിസ്ട്രേറ്റിന്റെ വേഷത്തില്‍ എത്തുന്ന പി.പി.കുഞ്ഞികൃഷ്ണന്‍, അഡ്വക്കേറ്റ് ഷുക്കൂറിനെ അവതരിപ്പിച്ച ഷുക്കൂര്‍, ഒറ്റ സീനില്‍ ജോണിയായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച സിബി തോമസ് എന്നിവര്‍ വലിയ കയ്യടി അര്‍ഹിക്കുന്നു. 
 
രാകേഷ് ഹരിദാസിന്റെ ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും സിനിമയെ കൂടുതല്‍ മനോഹരമാക്കി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article