മലയാള സിനിമയിലെ കാരണവര്‍ ആണ് നെടുമുടി വേണു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കാനുള്ള കഴിവ് നെടുമുടി വേണുവിന് ഉണ്ട്. ഒരു കാലത്ത് കച്ചവട സിനിമകളുടെ ഭാഗമാകുന്നതിനു പോലും സ്വയം വിലക്ക് ഏര്‍പ്പെടുത്തിയ നടനായിരുന്നു നെടുമുടി. വളരെ ഗൗരവമുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനം അന്നുണ്ടായിരുന്നു. അക്കാലത്താണ് സിനിമാമോഹവും മനസില്‍ താലോലിച്ച് ഒരു കൂട്ടം യുവാക്കള്‍ നെടുമുടി വേണുവിനെ കാണാന്‍ എത്തിയത്. ആ കൂട്ടത്തില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നതിനും മുന്‍പുള്ള സംഭവമാണ് ഇത്. നെടുമുടി വേണു തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
'അന്ന് കച്ചവട സിനിമയുടെ കൂടെ ആയിരിക്കരുത് എന്നൊരു തീരുമാനമുണ്ടായിരുന്നു. കച്ചവട സിനിമയിലേക്ക് ആയിരിക്കരുത് പോകേണ്ടത് എന്നായിരുന്നു ചിന്ത. സിനിമ ചെയ്യണമെന്നും പറഞ്ഞ് ഈ പിള്ളേര് വന്നപ്പോള്‍ എനിക്ക് പിള്ളേര് കളിയായിട്ടാണ് തോന്നിയത്. കുറച്ച് ചെറുപ്പക്കാര്‍ മാത്രം. ആ കൂട്ടത്തിലുള്ള അശോകനെ (നടന്‍) എനിക്ക് അറിയാമായിരുന്നു. വേറെ ആരെയും അറിയില്ല. എന്നെ കാണാന്‍ വന്ന പിള്ളേരില്‍ ആര്‍ക്കും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് എനിക്ക് അറിയാം. ആ കൂട്ടത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു അമൂല്‍ ബേബിയെ പോലെ, കണ്ടാല്‍ കൗതുകം തോന്നുന്ന ഒരു പയ്യനായിട്ട് ഉണ്ടായിരുന്നു. ഞാന്‍ ഇതിനൊന്നും നിന്നുതരില്ലെന്ന് പിള്ളേരോട് അപ്പോള്‍ തന്നെ പറഞ്ഞു. നിങ്ങള്‍ പോയി വേറെ പണി നോക്ക് എന്നും പറഞ്ഞ് അവരെ വിട്ടു. പക്ഷേ, അപ്പോഴും ലാലിന്റെ മുഖം എന്റെ മനസില്‍ പതിഞ്ഞു കിടന്നിരുന്നു,' നെടുമുടി വേണു പറഞ്ഞു.