റാവുത്തർക്ക് 'സാമി'യുടെ യാത്രാമൊഴി; വിജയ രംഗരാജുവിന് ആദരാഞ്ജലിയുമായി മോഹൻലാൽ

നിഹാരിക കെ.എസ്
ചൊവ്വ, 21 ജനുവരി 2025 (09:58 IST)
അന്തരിച്ച നടൻ നടൻ വിജയ രംഗരാജു(രാജ് കുമാർ)വിന് ആദരാഞ്ജലികളുമായി മോഹൻലാൽ. 'പ്രിയപ്പെട്ട വിജയ രംഗ രാജുവിന് (റാവുത്തർ) ആദരാഞ്ജലികൾ', എന്നാണ് മോഹൻലാൽ കുറിച്ചത്. വിയറ്റ്നാം കോളനി എന്ന മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിലെ വില്ലൻ റാവുത്തർ ആയി ഇദ്ദേഹമായിരുന്നു. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ എക്കാലവും ഇരിപ്പിടം സ്വന്തമാക്കാൻ വിജയ രംഗ രാജുവിന് കഴിഞ്ഞു. 
 
കഴിഞ്ഞ ദിവസം ആയിരുന്നു വിജയ രംഗരാജുവിന്‍റെ വിയോഗം.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 70 വയസായിരുന്നു. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഒരു ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് ഹൃദയഘാതം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംസ്കാര ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. 
 
1992ല്‍ റിലീസ് ചെയ്ത ചിത്രമാണ് വിയറ്റ്നാം കോളനിയ. മോഹന്‍ലാലിന്‍റ കരിയറില്‍ എടുത്ത് പറയേണ്ടുന്ന ഈ ചിത്രത്തിലെ കോളനിയിലെ ദാദയാണ് റാവുത്തര്‍. എല്ലാവരും പേടിക്കുന്ന റാവുത്തറായി രംഗരാജു എത്തിയപ്പോള്‍, മലയാളികള്‍ അദ്ദേഹത്തെ ഏറ്റെടുത്തു. മലയാളികളോട് തനിക്ക് എന്നും സ്നേഹവും ആദരവുമുണ്ടെന്നാണ് ഒരിക്കല്‍ രംഗരാജു പറഞ്ഞത്. തന്നെ ഒരു നടനായി പ്രേക്ഷകരിലേക്ക് എത്തിച്ചത് റാവുത്തര്‍ എന്ന കഥാപാത്രമാണെന്നും ഇനിയും അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article