ഡൊമിനിക് സ്വീകരിക്കപ്പെട്ടാല്‍ രണ്ടാം ഭാഗമുണ്ടാകും, എന്റെ സിനിമാ കരിയറില്‍ ഒരു സിനിമ ഇത്രവേഗത്തില്‍ ചെയ്യുന്നത് ഇതാദ്യം: ഗൗതം മേനോന്‍

അഭിറാം മനോഹർ

ഞായര്‍, 19 ജനുവരി 2025 (12:25 IST)
അന്വേഷണ ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും എത്തുന്ന ഡൊമിനിക് ആന്‍ഡ് ദ ലേഡി പേഴ്‌സ് എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളിയാണെങ്കിലും തമിഴില്‍ സംവിധായകനെന്ന നിലയില്‍ തിളങ്ങിയ ഗൗതം മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകത ഡൊമിനിക്കിനുണ്ട്. ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ ഡൊമിനിക്കിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ഗൗതം മേനോന്‍.
 
 സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയിലാണ് ഗൗതം മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡോ നീരജ് രാജന്‍, ഡോ സൂരജ് രാജന്‍ എന്നിവരാണ് സിനിമയുടെ രചയിതാക്കള്‍. മറ്റ് പല അഭിനേതാക്കളെയാണ് അവര്‍ നിര്‍ദേശിച്ചത്. മമ്മൂട്ടി സര്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞത് ഞാനാണ്. ബസൂക്കയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്. സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ് ജോര്‍ജേട്ടനെ വിളിച്ച് കാര്യം പറഞ്ഞത്. അങ്ങനെ മമ്മൂട്ടിയുടെ വീട്ടിലെത്തി കഥ പറയുകയും പ്രൊജക്റ്റ് ഓണാവുകയുമായിരുന്നു. ജൂലായില്‍ ചിത്രീകരണം ആരംഭിച്ചു സെപ്റ്റംബറില്‍ സിനിമ പൂര്‍ത്തിയാക്കി. എന്റെ കരിയറില്‍ ഇത്രയും വേഗത്തില്‍ ഞാന്‍ സിനിമ ചെയ്തിട്ടില്ല. കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ ഡോമിനിക്കിന് തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഗൗതം മേനോന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍