Mohanlal: 'ചന്ദ്രലേഖയിൽ ആ സീനിൽ കൂടെ അഭിനയിച്ച ആരും ഇന്ന് ജീവിച്ചിരിപ്പില്ല'; വിങ്ങലോടെ മോഹൻലാൽ

നിഹാരിക കെ.എസ്

വെള്ളി, 22 ഓഗസ്റ്റ് 2025 (13:51 IST)
പഴയ സിനിമകൾ താനിപ്പോൾ കാണാറില്ലെന്ന് മോഹൻലാൽ. ആ സിനിമകൾ കാണുമ്പോൾ തന്റെ കൂടെ പണ്ട് അഭിനയിച്ചവരിൽ പലരും ഇന്ന് കൂടെയില്ലെന്ന സങ്കടം മനസിലേക്ക് വരുമെന്നും മോഹൻലാൽ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്.
 
'പഴയ സിനിമകളിലെ സീനുകൾ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലേക്ക് ഓടിയെത്തും. അന്നത്തെ സ്ഥലങ്ങളും കൂടെ അഭിനയിച്ചവരുമൊക്കെ. ഇപ്പോൾ റീലുകളിലൂടെ കൊച്ചു കൊച്ചു ഭാഗങ്ങളായി കാണാമല്ലോ. ചില സമയങ്ങളിലൊക്കെ ഒരുപാട് പേരെ ഓർക്കാൻ സാധ്യതയുണ്ട്. അതിൽ പലരും ഇന്ന് ഇല്ല. വലിയ സങ്കടമാണ്, ചില സീനുകളൊക്കെ നോക്കുമ്പോൾ ഞാൻ മാത്രമേയുള്ളൂ, ബാക്കിയാരുമില്ല. അങ്ങനെ വരുമ്പോൾ സങ്കടം വരും'' മോഹൻലാൽ പറയുന്നു.
 
''ആ സമയത്ത് നമ്മൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമകളാണ്. ഈയ്യടുത്ത് ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു സീൻ കണ്ടു. അതിൽ എനിക്ക് ചുറ്റും നിന്ന് അഭിനയിച്ച ആരും ഇന്നില്ല. ഞാൻ മാത്രമേയുള്ളൂ'' എന്നും മോഹൻലാൽ പറയുന്നു. സമാനമായ രീതിയിൽ ഒരിക്കൽ നടൻ മധു തന്നോട് സങ്കടം പങ്കിട്ടതിനെക്കുറിച്ചും മോഹൻലാൽ സംസാരിക്കുന്നുണ്ട്.
 
''എന്റെയടുത്ത് മധു സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ലാലു സിനിമ കാണുമ്പോൾ സങ്കടം വരുമെന്ന്. എന്തുപറ്റി സാർ എന്ന് ചോദിച്ചപ്പോൾ ഒരുത്തൻ പോലുമില്ല, ഞാൻ മാത്രമേയുള്ളു ഇന്ന് എന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവരും സംവിധായകരും ക്യാമറാമാന്മാരുമൊന്നും ഇന്നില്ല. അതൊരു സങ്കടമാണ്. എങ്കിലും അന്നത്തെ നിമിഷങ്ങൾ ഓർത്ത് ആസ്വദിക്കാനാകും. പഴയ സിനിമകൾ ഞാൻ അധികം കാണാറില്ല'' എന്നാണ് മോഹൻലാൽ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍