Mammootty Mohanlal: അദ്ദേഹം ആദ്യം പോവുക ആ സിനിമകളുടെ ഡബ്ബിങ് പൂർത്തിയാക്കാൻ: മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് മോഹൻലാൽ

നിഹാരിക കെ.എസ്

വ്യാഴം, 21 ഓഗസ്റ്റ് 2025 (17:56 IST)
മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി തിരിച്ചെത്തുന്ന വിവരം വലിയ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നടന്റെ പുതിയ  പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അസുഖം ഭേദമായ മമ്മൂട്ടി അടുത്ത മാസം തന്നെ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറയുകയാണ് മോഹൻലാൽ. 
 
മടങ്ങിവരവിൽ ആദ്യം മമ്മൂക്ക ചെയ്യുക ഡബ്ബിങ് ആയിരിക്കുമെന്നും, ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ് ഇച്ചാക്ക ഒരു കുഴപ്പവും കൂടാതെ തിരിച്ചുവരുന്നതെന്നും മോഹൻലാൽ പറഞ്ഞു. മനോരമ ന്യൂസിനോടാണ് നടൻ സംസാരിച്ചത്.
 
'ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയറ്റ് എന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരും എന്നാണ് ഞാൻ സംസാരിച്ചതിൽ നിന്നും മനസിലായത്. ആദ്യം അദ്ദേഹം സിനിമകളുടെ ഡബ്ബിങ്ങിലേക്കാണ് പോകുന്നത്. ഒരു സുഖക്കേടിൽ നിന്നും വരുന്നതല്ലേ അപ്പോ അതിന്റേതായ കുറച്ചു നിയന്ത്രണങ്ങളൊക്കെ ഉണ്ടാവും. 
 
എന്തായാലും കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരിച്ചുവരുന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ഞാൻ പുറത്തുപോകുമ്പോഴൊക്കെ എല്ലാവരും ആദ്യം ചോദിക്കുന്നത് അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചാണ്. ഞാൻ ശബരിമലയിൽ പോയി അദ്ദേഹത്തിനായി പ്രാർഥിച്ചിരുന്നു.

അല്ലാതെയും പ്രാർഥിക്കുന്നുണ്ട്. അദ്ദേഹത്തിനായി എത്രയോ ആളുകൾ പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥന തന്നെയാണ് അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലാതെ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലാതെ തിരിച്ചുവരാൻ സഹായിച്ചത്. അതിന് ഈശ്വരനോട് വളരെയധികം നന്ദി പറയുന്നു”, മോഹൻലാൽ കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍