Mammootty: പല പ്രമുഖ നടന്മാരും ആ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ചു, ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞു!

നിഹാരിക കെ.എസ്

വ്യാഴം, 21 ഓഗസ്റ്റ് 2025 (09:20 IST)
മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന സമയം മമ്മൂട്ടി ഇടയ്ക്ക് തമിഴിൽ സിനിമകൾ ചെയ്യാറുണ്ട്. അത്തരത്തിൽ ചെയ്ത തമിഴ് ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയത് 2000 ത്തിൽ ആണ്. ആ വർഷത്തെ മികച്ച തമിഴ് സിനിമകളിൽ ഒന്നാണ് ഇത്. വർഷങ്ങൾക്കിപ്പുറവും ഈ ചിത്രം ക്ലാസിക് സിനിമയായി ആരാധകർ വാഴ്ത്തുന്നുണ്ട്.  
 
മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അടുത്തിടെ, സംവിധായകൻ രാജീവ് മേനോൻ, ക്ലാസിക് ചിത്രത്തിന്റെ കാസ്റ്റിംഗ് കഥകൾ വെളിപ്പെടുത്തിയിരുന്നു. താൻ ഏറ്റവും ബുദ്ധിമുട്ടിയത് മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രത്തിന്റെ കാസ്റ്റിംഗിനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 
 
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ കാസ്റ്റിംഗ് നടക്കുമ്പോൾ, ബാല ആയി അഭിനയിക്കാൻ പല പ്രമുഖ താരങ്ങളെയും താൻ സമീപിച്ചിരുന്നുവെന്നും രാജീവ് മേനോൻ വെളിപ്പെടുത്തി. ഏറ്റവും അവസാനമാണ് മമ്മൂട്ടിയിലേക്ക് എത്തിയത്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ കാസ്റ്റിംഗ് നടക്കുമ്പോൾ, മിക്ക നായകന്മാർക്കും മേജർ ബാല എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നില്ല.
 
'ആ കഥാപാത്രത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് - അയാൾ ഒരു കള്ളുകുടിയനാണ്, ഒരു കാൽ നഷ്ടപ്പെട്ട പട്ടാളക്കാരനാണ്. പക്ഷെ ആ ഒരു കാരണം പറഞ്ഞാണ് അന്നത്തെ ചില പ്രമുഖ നായകന്മാർ ആ റോൾ ഒഴിവാക്കിയത്. ഒരു കാലില്ലാത്ത ആളായി അഭിനയിക്കാൻ താത്പര്യമില്ല എന്ന് തുറന്നു പറഞ്ഞവരുണ്ട്. പക്ഷെ മമ്മൂട്ടി ഒരിക്കൽ പോലും അതൊന്നും കാര്യമാക്കിയതേയില്ല.
 
വലതു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ട പട്ടാളക്കാരനാണ് മേജർ ബാല. അത് കൊണ്ട് നടക്കുമ്പോൾ വലതു ഭാഗത്തേക്കാണ് ചേരിയേണ്ടത് എന്ന് മമ്മൂട്ടി ആദ്യം തീരുമാനിച്ചിരുന്നു. പക്ഷെ ചിലപ്പോൾ ഷൂട്ടിങ്ങിന് ഇടയ്ക്ക് ചിലപ്പോഴൊക്കെ അദ്ദേഹം അത് മറന്നു പോവും. ഒരു ദിവസം നോക്കുമ്പോഴുണ്ട്, അദ്ദേഹം ഇടത് ഭാഗത്തേക്ക് ചെരിഞ്ഞ് നടക്കുകയാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടർ അത് പറയണോ വേണ്ടയോ എന്ന് കൺഫ്യൂഷനിൽ ആയിപ്പോയി. പിന്നെ അദ്ദേഹം ചോദിക്കും, "ഞാൻ വലത് ഭാഗത്തേക്കാണോ, ഇടത് ഭാഗത്തേക്കാണോ ഞൊണ്ടേണ്ടത്," എന്ന്. അത് ആ സമയത്ത് സെറ്റിലെ വലിയ തമാശകളിൽ ഒന്നായിരുന്നു', സംവിധായകൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍