Mammootty vs Mohanlal: 23 നു മമ്മൂട്ടി, തൊട്ടുപിന്നാലെ മോഹന്‍ലാല്‍; വീണ്ടുമൊരു സൂപ്പര്‍താര ക്ലാഷ്, ആരടിക്കും കപ്പ്?

രേണുക വേണു
ചൊവ്വ, 7 ജനുവരി 2025 (10:20 IST)
Mammootty vs Mohanlal

Mammootty vs Mohanlal: ചെറിയൊരു ഇടവേളയ്ക്കു ശേഷം ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി vs മോഹന്‍ലാല്‍ ക്ലാഷ്. ജനുവരി അവസാനത്തോടെയാണ് രണ്ട് സൂപ്പര്‍താരങ്ങളുടെയും സിനിമകള്‍ ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടുക. 2025 ലെ ഇരുവരുടെയും ആദ്യ സിനിമകള്‍ കൂടിയാണ് ഇവ. 
 
മമ്മൂട്ടി നായകനായെത്തുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' ജനുവരി 23 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഷെര്‍ലക് ഹോംസിനോടുള്ള ആരാധന മൂത്ത് പ്രൈവറ്റ് ഡിറ്റക്ടീവ് ആയി നടക്കുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം. ഷെര്‍ലക് ഹോംസിനെ പോലെ കുറ്റാന്വേഷണത്തില്‍ തല്‍പ്പരനാണെങ്കിലും പേടിയാണ് ഡൊമിനിക് നേരിടുന്ന വെല്ലുവിളി. ഇങ്ങനെയൊരു കഥാപാത്രം വളരെ സങ്കീര്‍ണമായ ഒരു ക്രൈമിനു പിന്നാലെ അന്വേഷണവുമായി സഞ്ചരിക്കുന്നു. അതിനിടയിലെ രസകരമായ സംഭവങ്ങളും ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷനുമാണ് സിനിമയുടെ പ്രധാന ഉള്ളടക്കമെന്നാണ് വിവരം. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ. സുഷ്മിത ബട്ട് ആണ് ചിത്രത്തില്‍ നായിക. ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 
 
2025 ല്‍ മലയാളികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ഈ സിനിമ ജനുവരി 30 നു തിയറ്ററുകളിലെത്തും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article