ആദ്യം പരിഗണിച്ചത് ആസിഫ് അലിയെ, പിന്നീട് ടൊവിനോയെ; രണ്ടാളും ആ മമ്മൂട്ടി ചിത്രത്തോട് 'നോ' പറഞ്ഞു!

നിഹാരിക കെ.എസ്

വെള്ളി, 3 ജനുവരി 2025 (10:02 IST)
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. 2018 ലായിരുന്നു ചിത്രം റിലീസ് ആയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയൻ വേഷം ചെയ്തത് അന്ന് പുതുമുഖമായിരുന്ന ആൻസൺ പോളായിരുന്നു. എന്നാൽ, ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആസിഫ് അലിയെ ആയിരുന്നു. പിന്നീട് ടൊവിനോയെയും പരിഗണിച്ചിരുന്നു. ആൻസൺ തന്നെയാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
 
ആസിഫ് അലിയ്ക്ക് കരുതിവെച്ചിരുന്ന വേഷമായിരുന്നു അതെന്നും മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനാൽ ആസിഫിന് വരാൻ സാധിക്കാത്തതുകൊണ്ടാണ് ആ വേഷം തന്നിലേക്കു എത്തിയതെന്നും പറയുകയാണ് ആൻസൺ പോൾ. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. ആസിഫിന് ചെയ്യാൻ കഴിയാതെ വന്നതോടെ ടൊവിനോയ്ക്കരികിലേക്ക് ഓഫർ എത്തി. ടൊവിനോയും നോ പറഞ്ഞതോടെയാണ് സിനിമ ആൻസനെ തേടി എത്തിയത്.
 
'മമ്മൂക്കക്കൊപ്പം 'അബ്രഹാമിൻ്റെ സന്തതികൾ' എന്ന ചിത്രം ചെയ്യുമ്പോഴാണ് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. സോളോ എന്ന സിനിമയിലെ ജസ്റ്റിൻ എന്ന കഥാപാത്രം കണ്ട് ഹനീഫ് അദേനിയാണ് എന്നെ ഈ സിനിമയിലേക്ക് സജസ്ററ് ചെയ്യുന്നത്. ആ സിനിമയിൽ മമ്മൂട്ടിയുടെ അനിയന്റെ റോൾ ആസിഫ് അലി ആയിരുന്നു ചെയ്യാൻ ഇരുന്നത്. അദ്ദേഹം ആ സമയത്ത് ബി ടെക് എന്ന ചിത്രം ചെയ്യുകയായിരുന്നു. പിന്നെ ടൊവിനോയിലേക്ക് എത്തി അദ്ദേഹവും വേറെ പരിപാടികളിലായി തിരക്കിലായിരുന്നു. അങ്ങനെയാണ് അബ്രഹാമിൻ്റെ സന്തതികൾ എന്നിലേക്ക് എത്തുന്നത്,' ആന്‍സൺ പോൾ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍