Mammootty: 'എന്താ ഒരു സ്വാഗ്'; മഹേഷ് നാരായണന്‍ ചിത്രത്തിലെ മമ്മൂട്ടി ലുക്ക് പുറത്ത് !

രേണുക വേണു

വ്യാഴം, 2 ജനുവരി 2025 (08:50 IST)
Mammootty

Mammootty: മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത്. വളരെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെ കാണുന്നത്. താടി അല്‍പ്പം ട്രിം ചെയ്ത് കൂളിങ് ഗ്ലാസ് വെച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വിദേശത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. 
 
മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ യുഎഇയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 


ഒരു ഇന്‍വസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി ഒരു ആര്‍മി ഒഫിഷ്യല്‍ ആയാണ് വേഷമിടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവംബര്‍ 17 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള സീനുകള്‍ ശ്രീലങ്കയില്‍ ചിത്രീകരിച്ചിരുന്നു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. 'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍