ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമയായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നോർത്ത് ഇന്ത്യയിൽ സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, മലയാള സിനിമയുടെ മാര്‍ക്കറ്റിനെ കുറിച്ചും വിവിധ ഭാഷകളില്‍ മലയാള ചിത്രങ്ങള്‍ക്ക് അംഗീകാരം ലഭിക്കേണ്ടതിനെ കുറിച്ചും സംസാരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഒടിടിയിലെ സിനിമാപ്രേമികള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങേണ്ടതല്ല മലയാള സിനിമയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
മാര്‍ക്കോയുടെ ഹിന്ദി വേര്‍ഷന്റെ റിലീസിന്റെ ഭാഗമായി സൂം എന്ന ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇരുവര്‍ക്കും ഇപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
'മലയാള സിനിമ എന്നും 'ക്ലാസിലെ നല്ല കുട്ടിയായി' മാത്രം ഇരുന്നാല്‍ പോര. ഇവിടുത്തെ അഭിനേതാക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെല്ലാം അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണം. ഞങ്ങള്‍ നല്ല സിനിമകളാണ് ചെയ്യുന്നതെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ ഒടിടിയിലും സിനിമാപ്രേമികള്‍ക്കിടയിലെ ഉയര്‍ന്ന ഗ്രൂപ്പുകളിലും മാത്രമായാണ് അത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. ആ സ്ഥിതി മാറണം. തിയേറ്ററുകളിലും കയ്യടി ഉയരണം.
മോഹന്‍ലാല്‍ സാറിന് എന്തൊരു മികച്ച ട്രാക്ക് റെക്കോര്‍ഡാണ് സിനിമയില്‍ ഉള്ളത്. എന്നിട്ടും മലയാള സിനിമയുടെ മാര്‍ക്കറ്റ് വലുതല്ലാത്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ഇന്നും കിട്ടിയിട്ടില്ല. മമ്മൂക്കയ്ക്കും അങ്ങനെ തന്നെയാണ്. ഞാന്‍ അവരുടെ വലിയ ആരാധകനാണ്, അതുകൊണ്ട് കൂടിയാണ് ഇത് പറയുന്നത്,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.