ആ സിനിമ പൊളിഞ്ഞതോടെ മമ്മൂട്ടി ലാല്‍ ജോസിനോട് പിണങ്ങി, വീട്ടിലേക്ക് ഭീഷണി സന്ദേശം; അടുത്ത സിനിമ ചെയ്യാന്‍ പത്ത് വര്‍ഷത്തെ ഇടവേള

Webdunia
ശനി, 31 ജൂലൈ 2021 (16:30 IST)
പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാന്‍ ഒരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയാണ്. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടിയായിരുന്നു സിനിമയില്‍ നായകന്‍. മമ്മൂട്ടിയുടെ കോമഡി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയും സൂപ്പര്‍ഹിറ്റായി. ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അന്ന് മുതലാണ്. 
 
പിന്നീട് മമ്മൂട്ടി-ലാല്‍ ജോസ് കൂട്ടുക്കെട്ടില്‍ വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് പട്ടാളം. 2003 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയിലെത്തിയത്. എന്നാല്‍, സിനിമ തിയറ്ററുകളില്‍ പരാജയപ്പെട്ടു. കോമഡി ജോണറിലാണ് ലാല്‍ ജോസ് പട്ടാളം ഒരുക്കിയത്. പട്ടാള ക്യാംപും തനിനാടന്‍ ഗ്രാമവും പ്രമേയമാക്കി ഒരു കോമഡി ചിത്രമാണ് ലാല്‍ ജോസ് ഉദ്ദേശിച്ചതെങ്കിലും മമ്മൂട്ടിയുടെ മാസ് സീനുകള്‍ പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തിയത്. ചിരിയും ആഘോഷവുമായി കുടുംബസമേതം കാണാനുള്ള എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും മമ്മൂട്ടി ആരാധകര്‍ പട്ടാളത്തെ കൈവിട്ടു. 
 
പട്ടാളം പരാജയപ്പെട്ടതിനു പിന്നാലെ ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഒരു ഭീഷണി സന്ദേശം എത്തി. ചാവക്കാട് ഉള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ ഒരാളാണ് ലാല്‍ ജോസിന്റെ വീട്ടിലേക്ക് വിളിച്ചത്. ലാല്‍ ജോസിന്റെ മകളാണ് ഫോണ്‍ എടുത്തത്. മമ്മൂട്ടിയെ പോലൊരു മഹാനടനെ പട്ടാളം സിനിമയില്‍ കോമാളിയാക്കി ചിത്രീകരിച്ചില്ലേ എന്നു പറഞ്ഞായിരുന്നു ആരാധകന്റെ ഭീഷണി. ആ ഫോണ്‍ കോളിനുശേഷം മകള്‍ തന്നെ എവിടെയും പോകാന്‍ അനുവദിച്ചിരുന്നില്ലെന്ന് പിന്നീട് ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
പട്ടാളം പരാജയപ്പെട്ടതോടെ ലാല്‍ ജോസിന് മമ്മൂട്ടിയെ അഭിമുഖീകരിക്കാന്‍ ചെറിയൊരു ചമ്മലായി. വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമ പരാജയപ്പെട്ടതില്‍ മമ്മൂട്ടിക്കും വിഷമമായി. പിന്നീട് കുറേ നാളത്തേക്ക് ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഇരുവരുടെയും പിണക്കം പറയാതെയും അറിയാതെയും നീണ്ടു. അറിയാത്തൊരു പിണക്കമായിരുന്നു തങ്ങള്‍ക്കിടയില്‍ വന്നതെന്നാണ് ഇതേ കുറിച്ച് ലാല്‍ ജോസ് പറഞ്ഞത്. പിന്നീട് കൃത്യം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇമ്മാനുവേല്‍ ആയിരുന്നു ആ സിനിമ. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇമ്മാനുവേല്‍ സ്വീകരിക്കപ്പെട്ടു. തിയറ്ററിലും ഹിറ്റായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article