ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടിയും മോഹന്‍ലാലും

Webdunia
ചൊവ്വ, 11 ജനുവരി 2022 (07:53 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഐക്യദാര്‍ഢ്യവുമായി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ആദ്യമായാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇങ്ങനെയൊരു ഐക്യദാര്‍ഢ്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നല്‍കുന്നത്. ആക്രമണങ്ങളെ അതിജീവിച്ച നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇരുവരും സ്റ്റോറിയാക്കി. 'നിനക്കൊപ്പം' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി അതിജീവിതയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിരിക്കുന്നത്. 'ബഹുമാനം' എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഇവരെ കൂടാതെ പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങിയ മുന്‍നിര താരങ്ങളും അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
 

' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
 
നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.'
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article